കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അനുബന്ധരേഖകളും വേണമെന്ന വി.എസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ രേഖകള്‍ കോടതി റെക്കോര്‍ഡുകളുടെ ഭാഗമല്ലെന്നും റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ വരുമ്പോള്‍ രേഖാമൂലം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
വി.എസ് കേസിലെ സാക്ഷിയോ പരാതിക്കാരനോ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഐസ്‌ക്രീം കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് ചുണ്ടിക്കാട്ടിയാണ് വി.എസ് റിപ്പോര്‍ട്ടും അനുബന്ധരേഖകളൂം ആവശ്യപ്പെട്ടത്.
ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം മാര്‍ച്ച് ആദ്യവാരമാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി വെക്കുകയായിരുന്നു.