| Wednesday, 4th July 2012, 3:41 pm

ഐസ്‌ക്രീം കേസ്: വെള്ളിയാഴ്ച വി.എസ് നേരിട്ട് ഹാജരാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരിട്ട് ഹാജരാകും. വെള്ളിയാഴ്ച കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകുക.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിക്കുന്നത്. നേരത്തെ അഭിഭാഷകന്‍ മുഖേന വി.എസ് പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇത് നിരാകരിക്കുകയായിരുന്നു. പരാതിക്കാരന്‍ നേരിട്ട് എത്തണമെന്ന് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വി.എസ് ഹാജരാകുന്നത്.

2011 ജനുവരി 28ന് കെ.എ. റഊഫ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് ടൗണ്‍ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്. ഐസ്‌ക്രീം കേസില്‍നിന്ന് രക്ഷപ്പെടാനായി കുഞ്ഞാലിക്കുട്ടി തന്റെ സഹായത്തോടെ സാക്ഷികളടക്കമുള്ളവരെ പല രീതിയില്‍ സ്വാധീനിച്ചുവെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍.

കേസന്വേഷിച്ച ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഐസ്‌ക്രീം കേസ് അട്ടിമറിക്കപ്പെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിറിപ്പോര്‍ട്ട്   നല്‍കുകയായിരുന്നു.

We use cookies to give you the best possible experience. Learn more