| Wednesday, 3rd April 2019, 11:08 pm

എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം അനുചിതം; ഐസ്‌ക്രീം പാര്‍ലര്‍ കേസ് യു.ഡി.എഫ് അട്ടിമറിച്ചെന്നും വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും യു.ഡി.എഫുകാര്‍ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കി എടുക്കുകയാണെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

“പാണക്കാട് തങ്ങളെ കാണാന്‍ പോയി എന്ന പരാമര്‍ശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ആ പരാമര്‍ശം ഗൗരവമുള്ളതുതന്നെയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. എന്നാല്‍, ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യു.ഡി.എഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്?”- വി എസ് ചോദിക്കുന്നു.


അതേസമയം, ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളതെന്നും വി.എസ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ആളും അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ യു.ഡി.എഫ് വാദമെന്നും വി.എസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പഴയ ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഏത് രീതിയില്‍ അട്ടിമറിച്ചു എന്നതിന്റെ നാള്‍വഴികള്‍ വെളിപ്പെടുത്തലുകളായും, മൊഴികളായും കുറ്റസമ്മതമായും നമ്മള്‍ അറിഞ്ഞതാണ്. ആ അട്ടിമറിയെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയപ്പോഴാണ് ഞാന്‍ കോടതിയെ സമീപിച്ചത്.

ആ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കോഴിക്കോട് കോടതി മുതല്‍ സുപ്രീംകോടതി വരെ പോയി, അവസാനം ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് ആ കേസ്. അതിനാല്‍ കേസിന്റെ വിശദാംശങ്ങള്‍ പറയുന്നില്ല. അടുത്ത ദിവസം കേസ് ഹൈക്കോടതി പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളത്. ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് യു.ഡി.എഫ് അതിവേഗം ബഹുദൂരം സഞ്ചരിച്ചത്. കുറ്റസമ്മതം നടത്തിയ ആളും, അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ, അവരുടെ വാദം,

ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മാനഹാനിയുണ്ടാക്കുംവിധം എല്‍.ഡി.എഫ് കണ്‍വീനറുടെ ഭാഗത്തുനിന്ന് പ്രസംഗ പരാമര്‍ശമുണ്ടായി എന്ന വിവാദം നടക്കുകയാണ്. പ്രസംഗമദ്ധ്യേ ആണെങ്കില്‍പ്പോലും, അദ്ദേഹത്തിന്റെ പരാമര്‍ശം അനുചിതമായി എന്ന അഭിപ്രായംതന്നെയാണുള്ളത്, എന്നാല്‍, യു.ഡി.എഫുകാര്‍ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള പുറപ്പാടിലാണ്.


പാണക്കാട് തങ്ങളെ കാണാന്‍ പോയി എന്ന പരാമര്‍ശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ആ പരാമര്‍ശം ഗൗരവമുള്ളതുതന്നെയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. എന്നാല്‍, ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യു.ഡി.എഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്?

മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങള്‍ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ ഇത്തരം ആശയക്കുഴപ്പമുണ്ടാവാതെ നോക്കാന്‍ യു.ഡി.എഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിമാറിപ്പോവുകയും ചെയ്യും.

We use cookies to give you the best possible experience. Learn more