തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. കരാറില്‍ അഴിമതിയുണ്ടെന്നും, ഇത് ജനവിരുദ്ധമാണെന്നും എല്‍.ഡി.എഫും നിലപാടെടുത്തിരുന്നു.
കേരള ജനതയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി, വിഴിഞ്ഞം കരാര്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായാണ് അന്നത്തെ മുഖ്യമന്ത്രി തീരുമാനമെടുത്തത് എന്ന ആരോപണം ഗുരുതരമാണ്. രണ്ട് ദിവസമായിട്ടും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നത് ഒളിച്ചോട്ടമാണെന്നും വി.എസ് പറഞ്ഞു.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ചാണ്ടി സംസ്ഥാന താല്‍പര്യം അവഗണിച്ചെന്ന ആരോപണം വി.എം സുധീരന്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാന്റിന്റെ നിര്‍ദേശം പോലും ഉമ്മന്‍ചാണ്ടി അവഗണിച്ചെന്ന് സുധീരന്‍ ആരോപിച്ചിരുന്നു.
സുധീരന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. വിവാദ പ്രസ്താവന താന്‍ നടത്തില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങളോടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.