| Saturday, 28th April 2012, 1:14 pm

കടല്‍ക്കൊലയിലെ കൂറുമാറ്റം അപമാനകരം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ വാദിഭാഗത്തിന്റെ കൂറുമാറ്റം രാജ്യത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എ.സ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നും വി.എസ്.പറഞ്ഞു.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നഷ്ടപരിഹാരം കൈപ്പറ്റി കേസില്‍ നിന്ന് പിന്മാറിയത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും വി.എസ് ആരോപിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇന്ത്യന്‍ പൗരന് മറ്റൊരു രാജ്യവുമായി എങ്ങനെയാണ് ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കാനാകുക? ഒരു നാടകം പോലെയാണ് കടല്‍ക്കൊലയുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് നടപടികളെന്നും വി.എസ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ മാസപ്പടിക്കാരെ ആരോഗ്യവകുപ്പില്‍ നിന്നും പുറത്താക്കണം. കീടനാശിനി കമ്പനിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളേജിന് കത്തയച്ചത് അതീവ് ഗുരുതരമാണ്. ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും സുപ്രീംകോടതിയോടുള്ള അവഹേളനവുമാണെന്നും വി.എസ് വ്യക്തമാക്കി.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more