അനധികൃത സ്വത്ത് സമ്പാദനം; വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
Daily News
അനധികൃത സ്വത്ത് സമ്പാദനം; വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th September 2016, 10:48 am

വി.എ.അരുണ്‍ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലന്‍സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.


തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസ് എടുക്കാമെന്ന് നിയമോപദേശം.

അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം എന്നിവ അന്വേഷിച്ച വിജിലന്‍സ് കേസെടുക്കുന്നതിന് നിമയോപദേശം തേടിയിരുന്നു.

രണ്ട് മാസം മുന്‍പായിരുന്നു പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി. രാജേന്ദ്രന്‍ നിയമോപദേശത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വി.എ.അരുണ്‍ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലന്‍സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അരുണ്‍ കുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നില്ല. ആദ്യം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പിയായിരുന്ന വി.എന്‍.ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പരിശോധിച്ചത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രന്‍, അരുണ്‍കുമാറിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.. അരുണ്‍കുമാറിനെതിരെ കേസെടുക്കണമെന്ന മുന്‍ വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട് ശരിവെക്കുന്നതായിരുന്നു പുതിയ ശുപാര്‍ശ.

വി.എ.അരുണ്‍ കുമാറിന്റെ സ്വത്തും, വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും, വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍.

വരവും ചെലുവും സംബന്ധിച്ച വലിയ വ്യത്യാസത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അരുണ്‍കുമാറിനും ആയിരുന്നില്ല. വിദേശയാത്രകള്‍ക്ക് വേണ്ടി വന്ന പണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുന്നില്‍ വെളിവാക്കാന്‍ അരുണ്‍കുമാറിന് കഴിഞ്ഞിരുന്നില്ല.

വി.എ.അരുണ്‍കുമാര്‍ ഐ.എച്ച്.ആര്‍ഡി അഡീഷണല്‍ ഡയറക്ടറായിരിക്കെ ലണ്ടന്‍, മക്കാവൂ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, കയര്‍ഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണ് കേസെടുക്കാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.

അരുണ്‍കുമാരിന്റെ പേരിലുള്ള 13 വിജിലന്‍സ് കേസുകളുടേയും വിശദാംശങ്ങള്‍ വിജിലന്‍സ് സംഘം അടുത്തിടെ തേടിയുരന്നു. അരുണ്‍കുമാര്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ നടത്തിയ അഴിമതി ഉള്‍പ്പെടെ 11 കേസുകളില്‍ ആണ് മുന്‍പ് വിജിലന്‍സ് അന്വേഷണം നടന്നത്.