തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ “അമ്മ”യില്‍ നിന്ന് രാജിവെച്ച വനിതാതാരങ്ങളെ പിന്തുണച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാത്ത സംഘടന ഒരു ഗുണവും നല്‍കില്ലെന്ന് വി.എസ് പറഞ്ഞു.
“അമ്മ എന്ന സിനിമാ സംഘടനയില്‍നിന്ന് നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണ്. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. ”
സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണു അമ്മയില്‍ നിന്ന് രാജിവെച്ചത്. “അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നടിമാര്‍ രാജിപ്രഖ്യാപിച്ചത്.
കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ അമ്മ ഓര്‍ത്തില്ല. തങ്ങളുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നുവെന്നും നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു.
WATCH THIS VIDEO: