| Tuesday, 1st April 2014, 11:12 am

ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് പങ്കുവെച്ചത് ചട്ടവിരുദ്ധം, ജോക്കബ് പുന്നൂസിന്റെ ഇടപെടല്‍ കോടതിയലക്ഷ്യം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അധിക സത്യവാങ്മൂലം. അന്വേഷണ സംഘം റിപ്പോര്‍ട്ട് പങ്കുവെച്ചത് ചട്ടവിരുദ്ധമാണെന്ന് വി.എസ് ആരോപിച്ചു. മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയത് നടപടിയില്‍ ഒതുങ്ങിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം പറയുന്നു.

ഐസ് ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടു. അന്വേഷണ സംഘം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയതും റിപ്പോര്‍ട്ട് പങ്കുവെച്ചതും ചട്ടവിരുദ്ധമാണ്.അന്ന് ഉത്തരമേഖല ഐ.ജിയായിരുന്ന ജേക്കബ് പുന്നീസ് ചര്‍ച്ചകളില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണ്- വി.എസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് കേസില്‍ വി.എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2011 ഡിസംബര്‍ 19നും 2012 ജനുവരി 28നും അറ്റോര്‍ണി ജനറലും അന്വേഷണ സംഘവും കൂടിക്കാഴ്ച നടത്തുകയും കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്‌തെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമാണ് വി.എസ് ആരോപിയ്ക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നതിന് മുന്‍പായിരുന്നു ഈ രണ്ട കൂടിക്കാഴ്ചകളും. കേസില്‍ കുറ്റാരോപിതരായ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് അനുകൂലമായ നടപടിയെടുക്കാനാണ് ചര്‍ച്ച നടത്തിയതെന്നും വി എസ് ആരോപിച്ചു.   മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്നത് കോടതിയലക്ഷ്യ നടപടിയാണെന്നാണ്അദ്ദേഹത്തിന്റെ ആരോപണം.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ നേരത്തെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനും സി.ബി.ഐയ്ക്കും സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടരുകയാണെന്ന് ഹരജിയില്‍ ആരോപണമുണ്ടായിരുന്നു. ആ സാഹചര്യത്തിലായിരുന്നു കോടതി നോട്ടീസ്. കേസില്‍ 22 ഉന്നതരാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നാണ് വി.എസ് ഹരജിയില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more