കോഴിക്കോട്: വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍.
വിവരാവകാശ നിയമത്തിന് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്നും അറിയാനുള്ള പൗരന്റെ അവകാശത്തിനു മേല്‍ അവസാനത്തെ ആണിയാണ് മോദി സര്‍ക്കാര്‍ അടിച്ചുകയറ്റിയതെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘നോട്ട് നിരോധനത്തെക്കുറിച്ച്, രാജ്യത്തെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് എല്ലാം ചോദ്യങ്ങളുയരുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ട കുറുക്കുവഴിയാണ്, വിവരങ്ങള്‍ മറച്ചുവെക്കുക എന്നത്. പക്ഷെ, ജനമനസ്സുകളിലുയരുന്ന ചോദ്യങ്ങളെ നിയമം കൊണ്ട് തടയാമെന്ന സര്‍ക്കാരിന്റെ വ്യാമോഹങ്ങള്‍ക്ക് ഏറെക്കാലം നിലനില്‍പ്പില്ല എന്നെങ്കിലും ഭരണാധികാരികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.’ വി.എസ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
വിവരാവകാശ നിയമത്തിന് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുന്നു. അറിയാനുള്ള പൗരന്റെ അവകാശത്തിനു മേല്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റിയിരിക്കുന്നു. വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നു എന്നര്‍ത്ഥം.
വിവരാവകാശ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിന് വിധേയമാക്കിയിരിക്കുന്നു. വിവരാവകാശ കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ജനങ്ങളുടെ വിവരാവകാശം ഇല്ലായ്മ ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അടിസ്ഥാനമായ ഫെഡറിലസിത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചിരിക്കുന്നു.
ചോദ്യങ്ങള്‍ മോദിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുന്നില്ല. നോട്ട് നിരോധനത്തെക്കുറിച്ച്, രാജ്യത്തെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് എല്ലാം ചോദ്യങ്ങളുയരുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ട കുറുക്കുവഴിയാണ്, വിവരങ്ങള്‍ മറച്ചുവെക്കുക എന്നത്. പക്ഷെ, ജനമനസ്സുകളിലുയരുന്ന ചോദ്യങ്ങളെ നിയമംകൊണ്ട് തടയാമെന്ന സര്‍ക്കാരിന്റെ വ്യാമോഹങ്ങള്‍ക്ക് ഏറെക്കാലം നിലനില്‍പ്പില്ല എന്നെങ്കിലും ഭരണാധികാരികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.
അതേസമയം, സര്‍ക്കാറിന്റെ വ്യാജ അവകാശവാദങ്ങള്‍ വിവരാവകാശ നിയമത്തിലൂടെ വെളിവായതിന്റെ പ്രതികാരമെന്നോണമാണ് വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.
‘ഈ ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്ന സമയം അത്ര നിഷ്‌കളങ്കമല്ല. ഈ ഭേദഗതിയിലേക്ക് സര്‍ക്കാറിനെ നയിച്ച അഞ്ച് കേസുകളുണ്ട്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയാണത്.’ ജയറാം രമേശ് രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജയറാം രമേശ് ചൂണ്ടിക്കാട്ടിയ അഞ്ച് കേസുകള്‍:
1. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താല്‍ 2014ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
2. വ്യാജ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് മോദി നടത്തിയ തെറ്റായ അവകാശവാദങ്ങള്‍
3. നോട്ടുനിരോധനത്തെ ആര്‍.ബി.ഐ എതിര്‍ത്തിരുന്നെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ വെളിപ്പെടുത്തല്‍
4. അന്നത്തെ ആര്‍.ബി.ഐ മേധാവിയായിരുന്ന രഘുറാം പ്രമുഖ രാജന്‍ എന്‍.പി.എ കുടിശികക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടത്
5. വിദേശത്തുനിന്നും തിരിച്ചുകൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകള്‍ ചോദിച്ചത്