| Tuesday, 1st January 2019, 7:38 pm

സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വനിതാ മതിലിനായെങ്കില്‍ അതുതന്നെയാണ് വിജയം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മതില്‍ ചരിത്രപ്രധാനമായ ഒരു സംഭവമായി മാറിക്കഴിഞ്ഞുവെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. പുരുഷാധിപത്യത്തിന്റെ കാല്‍ക്കീഴില്‍ കഴിയേണ്ടവരല്ല, സ്ത്രീകള്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ലക്ഷക്കണക്കിന് വനിതകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മതിലില്‍ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ വ്യവഹാരങ്ങളില്‍, പുരുഷനോടൊപ്പം സ്ത്രീയും തുല്യ പ്രാധാന്യത്തോടെ രംഗത്തുണ്ടാവുന്നില്ലെങ്കില്‍ ആ സമൂഹം ഉല്‍പ്പാദനപരമല്ല. പക്ഷെ, ആ വിധത്തില്‍ സ്ത്രീശക്തിയെ തുറന്നുവിടാന്‍ പുരുഷാധിപത്യ മനോഭാവം ഒരുക്കമല്ല. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഇന്നിവിടെ മതിലായി രൂപപ്പെട്ടത്.

ALSO READ: കാസര്‍ഗോഡ് വനിതാ മതില്‍ പൊളിക്കാന്‍ ആര്‍.എസ്.എസ് ശ്രമം; സ്ത്രീകള്‍ക്കു നേരെ വ്യാപക ആക്രമണം: അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

ഇത് വാസ്തവത്തില്‍ ഒരു വികസന പരിപ്രേക്ഷ്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം ഈ പ്രശ്‌നത്തിന്റെ ആനുകാലിക സൂചനയാണ്. അവിടെ പുറകോട്ട് പോയാല്‍ കേരളം ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങളാണ് തകരുന്നത്.

ജാതി സംഘടനകളല്ല, നവോത്ഥാനത്തിന്റെ പതാകാവാഹകര്‍. പക്ഷെ, നമുക്ക് ജാതിയില്ല എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിനെപ്പോലും ഒരു ജാതി നേതാവാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും വി.എസ് പറഞ്ഞു.

ALSO READ: അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

തൊഴിലാളിയും കര്‍ഷകനും സ്ത്രീപുരുഷ ഭേദമില്ലാതെ വര്‍ഗപരമായി സംഘടിക്കുകയും അവകാശ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോവുന്നത്. ആ സമരഐക്യവും വര്‍ഗഐക്യവും വിപുലപ്പെടുത്തേണ്ടതുണ്ട്.

തൊഴിലിടങ്ങളില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, തുല്യ വേതനവും തുല്യ അവസരങ്ങളും നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക്, അവരുടെ കരുത്ത് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇന്നത്തെ വനിതാ മതില്‍ സഹായിച്ചുവെങ്കില്‍, അതുതന്നെയാണ് മതിലിന്റെ വിജയമെന്നും വനിതാ മതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് വി.എസ് പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more