| Monday, 1st June 2020, 5:32 pm

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്റെ ആള് ഞാനാണ് എന്ന് പറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്; വിക്ടേഴ്‌സ് ചാനല്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് വി.എസിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സ് ചാനല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയാണെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തിന് മറുപടിയുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഐ.ടി അറ്റ് സ്‌കൂള്‍ എന്ന് ആശയത്തിന് ചുക്കാന്‍ പിടിച്ചത് ഇ.കെ നായനാര്‍ നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് വി.എസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണ്. ഐടി അറ്റ് സ്‌കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്’, വി.എസ് പറഞ്ഞു.

തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‌വേറിനു വേണ്ടി പോരാട്ടം നടത്തിയതും എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും വി.എസ് ഓര്‍മ്മിപ്പിച്ചു.

‘ആ പോരാട്ടത്തില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന എന്റെ നിലപാട് വ്യക്തമായതുകൊണ്ട് കൂടിയാണ് ഇത് പറയുന്നത്. മൈക്രോസോഫ്റ്റിനു വേണ്ടി മാത്രം നടത്തുന്ന പത്താംതരം ഐടി പരീക്ഷ ബഹിഷ്‌കരിച്ച് കുത്തകവിരുദ്ധ പോരാട്ടം നടത്താന്‍ അന്ന് കെ.എസ്.ടി.എ പോലുള്ള അദ്ധ്യാപക സംഘടനകളുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇന്ന് സ്‌കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നത്’

ആന്റണിയുടെ കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിക്കുകയായിരുന്നെന്നും പിന്നീട് വന്ന തന്റെ സര്‍ക്കാരാണ് വിക്ടേഴ്‌സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയതെന്നും വി.എസ് പറഞ്ഞു.


ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ പലവിധ സംരംഭങ്ങളില്‍ ഒന്നായിരുന്നു, വിക്ടേഴ്‌സ് ചാനല്‍. ഇടതുപക്ഷം ആ ചാനലിനെ എതിര്‍ത്തിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

‘ആ ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍.ഡി.എഫ് ചെയ്തിട്ടുള്ളു. എന്തിന്, വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും’, വി.എസ് പറഞ്ഞു

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയതാണ് വിക്ടേഴ്സ് ഓണ്‍ലൈന്‍ ചാനല്‍ എന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണ്. ഐടി അറ്റ് സ്‌കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്.

തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‌വേറിനു വേണ്ടി പോരാട്ടം നടത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ആ പോരാട്ടത്തില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന എന്റെ നിലപാട് വ്യക്തമായതുകൊണ്ട്കൂടിയാണ് ഇത് പറയുന്നത്. മൈക്രോസോഫ്റ്റിനു വേണ്ടി മാത്രം നടത്തുന്ന പത്താംതരം ഐടി പരീക്ഷ ബഹിഷ്‌കരിച്ച് കുത്തകവിരുദ്ധ പോരാട്ടം നടത്താന്‍ അന്ന് കെ.എസ്.ടി.എ പോലുള്ള അദ്ധ്യാപക സംഘടനകളുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇന്ന് സ്‌കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിക്കുന്നതും, അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിക്ക് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ കത്തെഴുതുന്നതും, അതേത്തുടര്‍ന്ന് ശ്രീ ആന്റണി പ്രസ്തുത തീരുമാനം ഉപേക്ഷിക്കുന്നതും. വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു, അന്ന് യുഡിഎഫ് നിലപാട്.

തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് വിക്ടേഴ്‌സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. അതായത്, ഇത് വായിക്കുന്ന ആരെങ്കിലും വിക്ടേഴ്‌സ് ചാനല്‍ കാണുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രമാണ്. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ പലവിധ സംരംഭങ്ങളില്‍ ഒന്നായിരുന്നു, വിക്ടേഴ്‌സ് ചാനല്‍. ഇടതുപക്ഷം ആ ചാനലിനെ എതിര്‍ത്തിട്ടില്ല. ആ ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളു. എന്തിന്, വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും.

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാന്‍ വേണ്ടത് ക്രിയാത്മകമായ സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങള്‍ വിളിച്ചുപറയുന്നതല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more