തിരുവനന്തപുരം: കവി ഒ.എന്‍.വി. കുറുപ്പിന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ച് പറഞ്ഞ് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ പിരപ്പന്‍കോട് മുരളിയുടെ പുസ്തകം. ‘എന്റെ ഒ.എന്‍.വി.’ എന്നാണ് പുസ്തകത്തിന്റെ പേര്.
സി.പി.ഐ.എമ്മിലെ വിഭാഗീയകാലങ്ങളില്‍ ഒ.എന്‍.വി., വി.എസ്. അച്യുതാനന്ദനൊപ്പമായിരുന്നെന്ന പിരപ്പന്‍കോട് മുരളി പറയുന്നു.
വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ ക്ഷോഭം തോന്നുകയും പിന്നീട് സ്ഥാനാര്‍ത്ഥിത്വം നല്‍കിയപ്പോള്‍ പിന്തുണയ്ക്കാന്‍ പാര്‍ട്ടിപോലുമറിയാതെ മലമ്പുഴയിലെത്തുകയും ചെയ്തതും ഇതില്‍ വിവരിക്കുന്നു.
‘2001-ല്‍ വി.എസ്. പ്രതിപക്ഷനേതാവായി. പ്രതിലോമകാരികള്‍ക്കും അച്ചടക്ക വ്യാകരണം നിരത്തി പരിശോധന നടത്തുന്നവര്‍ക്കും തലവേദനയായി,’ മുരളി പുസ്തകത്തില്‍ പറയുന്നു.
വി.എസിനെ ചവിട്ടിത്താഴ്ത്താന്‍ കിട്ടിയ അവസരമായിരുന്നു 2006-ലെ പൊതുതെരഞ്ഞെടുപ്പെന്നും അങ്ങനെയാണ് വി.എസിനെ ഒഴിവാക്കി പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ചരിത്രത്തിലാദ്യമായി പൊളിറ്റ് ബ്യൂറോ തീരുമാനം ജനവികാരം ഉള്‍ക്കൊണ്ട് മാറ്റേണ്ടിവന്നെന്നും പിരപ്പന്‍കോട് മുരളി എഴുതുന്നു. മലമ്പുഴയില്‍ വി.എസ്. സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഒ.എന്‍.വിയും താനും പ്രചരണ ഉദ്ഘാടനത്തിന് പോയെന്നും മുരളി പറഞ്ഞു.
‘പ്രഖ്യാപനം വന്നയുടന്‍ ഒ.എന്‍.വി. വിളിച്ചുപറഞ്ഞു: ”മുരളീ നമുക്ക് മലമ്പുഴയില്‍ പോകണം. തെരഞ്ഞെടുപ്പ് ഉദ്ഘാടനത്തിനുതന്നെ എത്തണം. ആരുടെയും സഹായം നമുക്കുവേണ്ടാ. നമ്മുടെ ചെലവില്‍ പോകാം’, പുസ്തകത്തില്‍ പറയുന്നു.
പി.കെ.വാസുദേവനും ഇ.കെ. നായനാരും ടി.കെ. രാമകൃഷ്ണനുമെല്ലാം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒ.എന്‍.വി. തയ്യാറായിരുന്നില്ല. വി.എസിന്റെ ആവശ്യമാണ് നിഷേധിക്കാനാകാത്തവിധം ഒ.എന്‍.വി സ്വീകരിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.