| Monday, 19th March 2012, 5:27 pm

ബജറ്റ് ചോര്‍ന്നു; അഴിമതി നടന്നു: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പത്രങ്ങളില്‍ വന്നുകഴിഞ്ഞു.  ഇക്കാര്യം ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവ് സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ബജറ്റ് പ്രസംഗം കേള്‍ക്കട്ടെ, അതിന് ശേഷം പരിശോധിച്ച് റൂളിങ്ങ് നല്‍കാമെന്ന് സ്പീക്കര്‍ സഭയ്ക്ക് ഉറപ്പു നല്‍കി.  അതുപ്രകാരം ബജറ്റ് ചോര്‍ന്നുവെന്നും അതുസംബന്ധിച്ച് ഗവണ്‍മെന്റ് അന്വേഷിച്ച് സഭയെ അറിയിക്കണമെന്നും സ്പീക്കര്‍ റൂളിങ്ങ് നല്‍കുകയായിരുന്നു.

നികുതിവര്‍ധന, നികുതിയിളവ് എന്നിവ സംബന്ധിച്ച് വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് തല്‍പ്പര കക്ഷികള്‍ക്കും മുന്‍കൂര്‍ അറിവ് നല്‍കി, അതുവഴി അഴിമതിക്ക് അവസരമൊരുക്കി.  നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കുന്ന ചോര്‍ത്തിക്കൊടുക്കലാണ് നടന്നിരിക്കുന്നത്.  അവതരണത്തിന് മുമ്പ് പുറത്തായ ബഡ്ജറ്റ് നിരാകരിക്കുകയും ഉത്തരവാദിയായ മന്ത്രി രാജിവയ്ക്കുകയും ചെയ്യണം.  പുതിയ ബഡ്ജറ്റ് പിന്നീട് അവതരിപ്പിക്കുകയും വേണം.

അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ ചോര്‍ത്തി പ്രസിദ്ധീകരിച്ച ബഡ്ജറ്റിന് ഭരണഘടനാ സാധുതയില്ല.  അത് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് അപ്രസക്തമാണ്.  നിയമലംഘനം നടത്തുകയും നിയമസഭയുടെ അവകാശം ലംഘിക്കുകയും ചെയ്ത ധനകാര്യ മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.  ബഡ്ജറ്റിന്റെ ഭാഗമായോ അല്ലാതെയോ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more