| Tuesday, 12th February 2019, 8:38 pm

നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേ; ജയരാജനെതിരായ കുറ്റപത്രത്തില്‍ വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ കുറ്റപത്രത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി.എസിന്റെ മറുപടി.

പി.ജയരാജനും പാര്‍ട്ടി എം.എല്‍.എ ടി.വി രാജേഷിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയതിനെക്കുറിച്ച് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വി.എസ് ആദ്യം പറഞ്ഞത് പഠിച്ചിട്ട് പറയാമെന്നായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു വി.എസ് നിലപാട് വ്യക്തമാക്കിയത്.

ALSO READ: വെറുക്കേണ്ടതില്ല, കെട്ടിപ്പിടിക്കൂ; ഹഗ് ഡേയില്‍ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസിന്റെ സന്ദേശം (വീഡിയോ)

തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സി.ബി.ഐയെ ഉപയോഗിച്ചു ബി.ജെ.പി രാഷ്ട്രീയനീക്കം നടത്തുകയല്ലേ എന്നു ചോദിച്ചപ്പോള്‍ “നിയമം നിയമത്തിന്റെ വഴിക്കു ശരിയായി പോകുന്നതല്ലേ നല്ലത്?” എന്നായിരുന്നു വി.എസിന്റെ പ്രതികരണം.

ഷുക്കൂര്‍ വധക്കേസില്‍ ഇന്നലെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 302, 120 ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്.

സി.ബി.ഐ നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ വകുപ്പ് ചുമത്തിയത്. കൊലപാതകം അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പു മാറ്റിയാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയത്.

ALSO READ: പ്രളയമേഖലകളില്‍ ജപ്തി പാടില്ലെന്ന് സര്‍ക്കാര്‍

ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

2012 ഫെബ്രുവരി 20 നാണ് പട്ടുവം അരിയിലിലെ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം നേതാക്കളായ പി. ജയരാജന്റേയും ടി.വി രാജേഷിന്റേയും വാഹനം അക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഷൂക്കൂര്‍ വധിക്കപ്പെടുന്നത്.



ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂറിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസ് അന്വേഷണത്തില്‍ പൊലിസിന് വീഴ്ച്ച പറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ഉന്നതതല ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ആരോപിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more