| Friday, 12th October 2018, 6:14 pm

വിദ്യാര്‍ത്ഥികളുടെ വായ മൂടിക്കെട്ടി കേന്ദ്രസര്‍വ്വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റാനുള്ള നീക്കം ആപല്‍ക്കരം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍കോട്ടെ കേരള കേന്ദ്രസര്‍വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപല്‍ക്കരമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അഖില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയും അഖിലിനെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രതികരണം.

ALSO READ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

“വിദ്യാര്‍ത്ഥികളുടെ വായ മൂടിക്കെട്ടി, കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപല്‍ക്കരമാണ്. സംഘപരിവാര്‍ അജണ്ടകളോട് സമരസപ്പെടാന്‍ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പുറത്താക്കിയും പക തീര്‍ക്കുന്ന സര്‍വ്വകലാശാലാ മേലാളന്‍മാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ്, അഖില്‍ എന്ന വിദ്യാര്‍ത്ഥി ചെയ്ത കുറ്റം.”

അഖിലിനെതിരെയും കള്ളക്കേസുകള്‍ ചുമത്തുകയും കോളേജില്‍നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും, സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് വി.എസ് പ്രസ്തവാനയില്‍ പറഞ്ഞു.

ALSO READ: ശബരിമലയില്‍ യുവതികള്‍ പോയാല്‍ അവരെ പുലി പിടിക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

സര്‍വ്വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും ആവശ്യമാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പുറത്താക്കിയ അഖില്‍ താഴത്തിനെതിരെ ആത്മഹത്യാ ശ്രമത്തിന് ബേക്കല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തിരുന്നു. സര്‍വകലാശാലയില്‍ എല്ലാ തരത്തിലും പ്രവേശനം നിഷേധിച്ച അഖില്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more