അഗ്നിവേശിനെതിരായ ആക്രമണം ജയ് ശ്രീറാം മുഴക്കിക്കൊണ്ട്; ദൈവത്തെ കളങ്കിതമാക്കാന്‍ ഇതില്‍പ്പരം എന്തുവേണമെന്ന് വി.എസ്
Kerala News
അഗ്നിവേശിനെതിരായ ആക്രമണം ജയ് ശ്രീറാം മുഴക്കിക്കൊണ്ട്; ദൈവത്തെ കളങ്കിതമാക്കാന്‍ ഇതില്‍പ്പരം എന്തുവേണമെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 4:24 pm

തിരുവനന്തപുരം: സ്വാമി അഗ്നിവേശിനെതിരായ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. രാജ്യാന്തര അംഗീകാരമുള്ള സാമൂഹ്യപ്രവര്‍ത്തകനും, പണ്ഡിതനുമാണ് സ്വാമി അഗ്നിവേശെന്നും അദ്ദേഹത്തിനെതിരായ ആക്രമണം നീചമായ പ്രവൃത്തിയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യയുടെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ ബദ്ധകങ്കണമായി പ്രവര്‍ത്തിക്കുന്ന മഹത്‌വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരായ ആക്രമണത്തില്‍ രാജ്യം മുഴുവന്‍ അപലപിക്കണം.”

ALSO READ: ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം

അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിക്കുകയും, വസ്ത്രം വലിച്ചുകീറുകയും ചെയ്തു. മൊബൈല്‍ ഫോണും, കണ്ണടയും പിടിച്ചുപറിച്ചു. നിലത്തുവീണ അദ്ദേഹം കൈകൂപ്പി അപേക്ഷിച്ചിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിന് ഒരുവിധ പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും അവിടുത്തെ ആദിവാസികളുടെ ഒരു ഉത്സവാഘോഷത്തില്‍ പങ്കു ചേരാന്‍ വന്നതാണ് അദ്ദേഹമെന്നും വി.എസ് പറഞ്ഞു. ഏറ്റവും അധ:സ്ഥിതമായ ഒരു വിഭാഗം ജനങ്ങളോടൊപ്പം, അവരുടെ ആഘോഷത്തിനു എത്തിയത് അദ്ദേഹത്തിന്റെ മാനവികതയെയാണ് കാണിക്കുന്നത്. അങ്ങനെയുള്ള അദ്ദേഹത്തെ ആക്രമിച്ചത് ഏറ്റവും മനുഷ്യത്വരഹിതമാണ്.

ഈ ആക്രമണം ആസൂത്രിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആക്രമണത്തില്‍ തെറ്റില്ലെന്ന മട്ടിലുള്ള ബി.ജെ.പി വക്താവ് പ്രതുല്‍ ഷാദിയൊയുടെ പ്രതികരണം ഇതിനു തെളിവാണ്. സ്വാമി താമസിച്ച ഹോട്ടലിനു മുന്നില്‍ മര്‍ദ്ദനത്തിനു മുമ്പ് അക്രമികള്‍ അക്രോശം മുഴക്കിയിരുന്നു. ആ സമയം പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മര്‍ദ്ദനം ഒഴിവാക്കാമായിരുന്നുവെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: ഈ ആക്രമണം താങ്കള്‍ അര്‍ഹിക്കുന്നതാണ് , അഗ്‌നിവേശ്..

ഹോട്ടലിന് മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്. അക്രമികളെ തത്സമയം പിടികൂടാമായിരുന്നു. ഈ ആക്രമണം തീര്‍ത്തും ആസൂത്രിതമാണെന്നതിന്റെ വ്യക്തമായ സൂചനകളാണിവ.

“ജയ് റാം” എന്നു വിളിച്ചുകൊണ്ടായിരുന്നു യുവമോര്‍ച്ചക്കാര്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്. വിശ്വാസത്തെയും, ദൈവത്തെയും ഇതില്‍പരം കളങ്കിതമാക്കാനുണ്ടോയെന്നും വി.എസ് ചോദിച്ചു. ബി.ജെ.പിയുടെയും, സംഘപരിവാറിന്റെയും ഈ ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വി.എസ് പറഞ്ഞു.

WATCH THIS VIDEO: