തിരുവനന്തപുരം: മൈക്രോഫിനാന്‍സ് അഴിമതി കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് ഹരജി സമര്‍പ്പിച്ചു.
മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഡിനേറ്റര്‍ കെ.കെ മഹേശന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഹരജി. അഡ്വ. എസ്.ചന്ദ്രശേഖരന്‍ നായര്‍ ആണ് വി.എസിന്റെ അഭിഭാഷകന്‍.
അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്ന് വി.എസ് പറഞ്ഞു. മഹേശന്റെ അടുത്ത ബന്ധുക്കളില്‍ നിന്നും, പദ്ധതി പ്രവര്‍ത്തനവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഭാഷ് വാസു ഉള്‍പ്പടെയുള്ളവരില്‍ നിന്നും തെളിവ് ശേഖരിക്കണമെന്നും വി.എസ് ഹരജിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്നും, അന്വേഷണ പുരോഗതിയുടെ തല്‍സ്ഥിതി വിവരം കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍, പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി ദിലീപ് കുമാര്‍, കെ.കെ മഹേശന്‍ എന്നിവര്‍ പ്രതികളായി വിജിലന്‍സ് കോടതിയില്‍ 2016 മുതല്‍ കേസ് നിലവിലുണ്ട്. വി.എസ് ആണ് ഈ കേസിലെ ഹരജിക്കാരന്‍.
വി.എസിന്റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടേശന്റെ ഹരജി തള്ളിയ ഹൈക്കോടതി, മൈക്രോഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ