| Wednesday, 19th December 2018, 6:48 pm

മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ്‌വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണം; മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.

ഒരു കമ്പനി മാത്രം നല്‍കിയ വില വിശ്വസിച്ച് അവര്‍ക്ക് വേണ്ടി ഉത്തരവിറക്കിയ സാഹചര്യം അന്വേഷിക്കണമെന്നും വി.എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മൈക്രോസോഫ്റ്റില്‍ വിന്‍ഡോസ് 10 പ്രൊ എന്ന സോഫ്റ്റ് വെയര്‍ വാങ്ങാന്‍ നവംബര്‍ 29 ന് മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് വി.എസിന്റെ കത്ത്.

ALSO READ: കണ്ണുരുട്ടലും ഭീഷണിയും സര്‍ക്കാരിനോട് വേണ്ട; എന്‍.എസ്.എസിന് മുഖ്യമന്ത്രിയുടെ മറുപടി

താല്‍പ്പര്യപത്രമോ ടെന്‍ഡറോ ഇല്ലാതെ സിറ്റ്‌സാ ടെക്‌നോളജി എന്ന കമ്പനി നല്‍കിയ പ്രൊപ്പോസല്‍ മാത്രം പരിഗണിച്ചാണ് ഉത്തരവിറക്കിയത്. കുത്തക സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ് വെയര്‍ വാങ്ങാനുള്ള തീരുമാനം ഇടത് നയത്തിന് വിരുദ്ധമാണെന്നാണ് വി.എസ് ചൂണ്ടിക്കാണിക്കുന്നത്.

2001-06 കാലത്ത് എല്‍.ഡി.എഫ് സോഫ്റ്റ് വെയര്‍ കുത്തകവല്‍ക്കരണത്തിനെതിരെ നടത്തിയ സമരവും തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് മൈക്രോസോഫ്റ്റ് കെട്ടുകെട്ടിച്ച സംഭവവും വി.എസ് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

ALSO READ: സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള മറ്റൊരു അപവാദ കഥ കൂടി പൊളിയുന്നു; പരിശോധകര്‍ക്ക് പി.എച്ച്.ഡി പ്രബന്ധത്തെ കുറിച്ച് ഉന്നതാഭിപ്രായം

2007 ല്‍ താന്‍ മുഖ്യമന്ത്രിയായ കാലത്തെ ഐ.ടി നയവും അതിന്റെ അധിനിവേശ വിരുദ്ധതയും ഓര്‍മ്മിച്ചാണ് സോഫ്റ്റ് വെയര്‍ വാങ്ങല്‍ മുന്നണി നയത്തിന് വിരുദ്ധമാണെന്ന് വി.എസ് ചൂണ്ടിക്കാണിക്കുന്നത്.

തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more