സ്വാതന്ത്ര്യത്തിന് മുന്‍പ് ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് ആ മൂന്നക്ഷരം മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്: വി.എസ്. അച്യുതാനന്ദന്‍
Kerala News
സ്വാതന്ത്ര്യത്തിന് മുന്‍പ് ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് ആ മൂന്നക്ഷരം മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്: വി.എസ്. അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th August 2021, 10:24 pm

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന തന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണെന്ന് വി.എസ്. പറഞ്ഞു.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേര്‍തിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും. എന്നാല്‍, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന സകലമാന ജനതതികള്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍,’ വി.എസ്. പറഞ്ഞു.

രാജ്യത്തെ പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായ വി.എസ്. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ ഭാഗമായാണ് പൊതുരംഗത്തേക്ക് വരുന്നത്. പുന്നപ്ര-വയലാര്‍ സമര നായകനായ വി.എസ്. ദിവാന്‍ ഭരണത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമാണ് ഞായറാഴ്ച ആഘോഷിക്കുന്നത്. അതേസമയം ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് വിവാദത്തിലായിരിക്കുകയാണ്.

വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്ന് മോദി പഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദി പുതിയ ദിനാചാരണത്തെ കുറിച്ചറിയിച്ചത്.

മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. വിഭജനം ദൗര്‍ഭാഗ്യകരം തന്നെയാണെന്നും എന്നാല്‍ മോദിയുടെ പ്രഖ്യാപനം വിദ്വേഷവും വിഭജനവും വളര്‍ത്തുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് എ.കെ. ആന്റണി പ്രതികരിച്ചു.

വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജം.

സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേര്‍തിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും. എന്നാല്‍, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന സകലമാന ജനതതികള്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VS Achuthanandan Independance Day August 15