തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
സമരം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് കത്തില്‍ വി.എസ് ആവശ്യപ്പെടുന്നത്. സമരം ചെയ്തവര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാരിന്റെ പ്രതിച്ഛായക്കുതന്നെ മങ്ങലേല്‍പ്പിക്കുന്ന വിധത്തില്‍ ആ സമരത്തോട് പോലീസ് കൈക്കൊണ്ട സമീപനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഹൈക്കോടതി ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇന്നും സമാനമായ മര്‍ദ്ദനമാണ് അവിടെ നടക്കുന്നതായി കാണുന്നത്.
ഈ പോലീസ് ഉദ്യോഗസ്ഥന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രസ്തുത ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ നടപടികളെക്കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്തുകയും ചെയ്യണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ഒരു ജനതയുടെ ജീവിതം ദുഃസഹമാക്കിക്കൊണ്ടുള്ള വികസനം വേണ്ട എന്നാണ് അവരുടെ നിലപാട്. ഈ നിലപാടിന്റെ ശരിതെറ്റുകള്‍ എന്തായാലും, ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു പദ്ധതിക്കെതിരെ ശക്തമായി രംഗത്തുവരികയും പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ ആ സമരത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം വിലയിരുത്തുകയും അവരുമായി ജനാധിപത്യപരമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ അത് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചില ഉറപ്പുകള്‍ നല്‍കിയിരുന്നെന്നും അതുപോലും പാലിക്കപ്പെട്ടില്ല എന്നും സമരക്കാര്‍ക്ക് പരാതിയുണ്ട്. ഇത്തരം ആക്ഷേപങ്ങളെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വി.എസ് ആവശ്യപ്പെടുന്നു.