| Tuesday, 2nd July 2019, 1:52 pm

'പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണം'; സര്‍ക്കാരിനോട് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണമെന്ന് വി.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഓര്‍മ്മിപ്പിച്ച വി.എസ്, ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.

നിയമസഭയിലായിരുന്നു വി.എസിന്റെ വിമര്‍ശനം. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെക്കുറിച്ചും വി.എസ് പ്രതികരിച്ചു. ഉദ്യോഗസ്ഥ വീഴ്ചകളില്‍ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ക്ക് വിട്ടു നില്‍ക്കാനാവില്ലെന്ന് പറഞ്ഞ വി.എസ് ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുതെന്നും ആവശ്യപ്പെട്ടു.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ലാത്തതില്‍ പൊലീസുകാര്‍ക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.

അവധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തുവെന്നാണ് അവരുടെ ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പരാതി നല്‍കുമെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്.

പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരേ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടിരുന്നു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഋഷിരാജ് സിങ്ങ് അറിയിച്ചു.

രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരിക്കുന്നത്.

കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വീസിലുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. കേസില്‍ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേസില്‍ സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച മനപ്പൂര്‍വമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതിപക്ഷം നേരത്തെ എസ്.പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. തെളിവുകള്‍കൂടി ലഭിച്ച സാഹചര്യത്തില്‍ എസ്.പിക്കെതിരെ നടപടിയെടുത്തേക്കും.

നെടുങ്കണ്ടം തൂക്കുപാലത്തുള്ള ‘ഹരിത ഫിനാന്‍സ്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തേത്തുടര്‍ന്ന് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വാദം. ഒന്‍പത് ദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാര്‍, പീരുമേട് സബ്ജയിലില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് 21നാണ് മരിച്ചത്. ജയിലില്‍ എത്തിയപ്പോള്‍ തന്നെ രാജ്കുമാര്‍ അവശനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more