തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ഫേസ്ബുക്കിലൂടെയാണ് ആശുപത്രി വിട്ട വിവരം അറിയിച്ചത്.
ഒരാഴ്ചക്കാലത്തെ ആശുപത്രി വാസം ഇന്നത്തോടെ അവസാനിച്ചെന്നും നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗമെന്നും വി.എസ് പോസ്റ്റില്‍ പറയുന്നു. വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടി വരുമെന്നതില്‍ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. ഇത്ര നാളും ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നെങ്കില്‍ ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഏതാനും ദിവസംകൂടി മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം.
വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമാണ്. അല്‍പ്പ ദിവസത്തിനകം പുറത്തിറങ്ങാനാവുമെന്നത് മാത്രമാണ് ആശ്വാസം. രോഗാവസ്ഥയില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.