|

ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ കാലത്ത് ഐക്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ശബ്ദം ഉയരണം; പുന്നപ്ര-വയലാര്‍ സമരത്തിന്റെ വാര്‍ഷികാചരണത്തില്‍ വി.എസ്.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ സമരത്തിന് ഏഴര പതിറ്റാണ്ട് തികയുന്ന വേളയില്‍ വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ കാലത്ത് ഐക്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ശബ്ദം ഉയരണമെന്നും രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് പുന്നപ്ര-വയലാര്‍ സമരത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂഷിതമായ പുന്നപ്ര-വയലാര്‍ സമരത്തിന് ഏഴര പതിറ്റാണ്ട് തികയുകയാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ ഈ കാലഘട്ടത്തില്‍, ജനങ്ങളുടെ ഐക്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ശബ്ദം ഉയരുമെന്ന പ്രത്യാശയോടെ, രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് ഈ എഴുപത്തഞ്ചാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിക്കുന്നു,’ വി.എസ് അച്യുതാനന്ദന്‍ എഴുതി.

അതേസമയം, പുന്നപ്ര-വയലാര്‍ സമരത്തിന്റെ 75-ാം വാര്‍ഷിക വാരാചരണത്തിന് നേരത്തെ ഇടതുപാര്‍ട്ടികള്‍ തുടക്കം കുറിച്ചിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പിയുടെ പട്ടാളത്തിന്റെ വെടിയേറ്റു വീരമൃത്യു വരിച്ച പുന്നപ്ര, മാരാരിക്കുളം, മേനാശേരി, വയലാര്‍ സമരസഖാക്കളുടെ സ്മരണയാണ് പുതുക്കുന്നത്.

23ന് പുന്നപ്രയിലും 25ന് മേനാശേരിയിലും 26ന് മാരാരിക്കുളത്തും വീരസ്മരണ പുതുക്കും. 27ന് വയലാര്‍ രക്തസാക്ഷി ദിനത്തോടെ വാരാചരണം സമാപിക്കും.

കേരളത്തിലെ പട്ടാള ഭരണത്തിനെതിരെ സാധാരണക്കാരായ ജനങ്ങള്‍ ആരുടേയും ആഹ്വാനമില്ലാതെ സംഘടിക്കുകയും വിപ്ലവം നയിക്കുകയും ചെയ്ത മഹത്തായ സംഭവമാണ് പുന്നപ്ര വയലാര്‍ സമരം. നിരവധിയായ സാധാരണക്കാരായ മനുഷ്യരാണ് ആ പോരാട്ടത്തില്‍ വെടിയേറ്റു മരിച്ചുവീണത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VS Achuthanandan Conveys his greetingd on 75th anniversary of Punnapra Vayalar Strike

Video Stories