| Thursday, 8th June 2017, 10:21 am

ഗോമാതാവിനും കാളപിതാവിനും വേണ്ടി പരിഹാസ്യമായ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മോദി യൂറോപ്പില്‍ ചുറ്റിക്കറങ്ങി നല്ല സൊയമ്പന്‍ ബീഫ് കഴിക്കുന്നു; വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍.

ഗോമാതാവിനും കാളപിതാവിനും വേണ്ടി പരിഹാസ്യമായ സിദ്ധാന്തങ്ങള്‍ കേന്ദ്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പശുവളര്‍ത്തലിനെ കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണ് വിജ്ഞാപനം തയ്യാറാക്കിയതെന്നും വി.എസ് കുറ്റപ്പെടുത്തി.

നമ്മുടെ കാര്‍ഷിക സംസ്‌കൃതിയില്‍ ബി.ജെ.പിയുടെ വിത്ത് കാളകളല്ല, മറിച്ച് വന്ധ്യംകരിക്കപ്പെട്ട കാളകളാണ് ഉപയോഗിക്കുന്നത്. നായകളെ വന്ധ്യംകരിക്കുന്നത് മൃഗസംരക്ഷണവും കാളകളെ വന്ധ്യംകരിക്കുന്നത് ഗോമാതാവിനോടുള്ള ദ്രോഹവും ആണെന്നാണ് ചില കള്ള സന്യാസികള്‍ പറയുന്നത്. ഒരു സന്യാസി തന്നെ അടുത്തിടെ വന്ധ്യംകരിക്കപ്പെട്ടല്ലോയെന്നും വി.എസ് പരിഹസിച്ചു.


Dont Miss സി.പി.ഐ.എം പ്രകടനം ഭയന്ന് എല്‍.കെ അദ്വാനിയെ പൊലീസ് സ്റ്റേഷനില്‍ കയറ്റി: സ്റ്റേഷനിലിരുന്നത് 20മിനിറ്റോളം 


കേന്ദ്രത്തിന്റെ കശാപ്പ് നിരോധനം ശുദ്ധ തട്ടിപ്പാണ്. അംബാനിയും അദാനിയും പോലുള്ള വന്‍കിടക്കാര്‍ മാത്രം കാലിക്കച്ചവടം നടത്തിയാല്‍ മതിയെന്നാണ് മോദി പറയുന്നതെന്നും വി.എസ് പറഞ്ഞു.

പട്ടാളക്കാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ആയുധക്കമ്പനികള്‍ക്ക് വേണ്ടി അവരെ കൊന്നൊടുക്കുകയും ചെയ്യുന്ന അതേ നിലപാടാണ് ജനങ്ങളുടെ കറിക്കലത്തില്‍ കയ്യിടുന്ന കാര്യത്തിലും ബി.ജെ.പി സ്വീകരിക്കുന്നത്.

വന്‍കിട കയറ്റുമതി കമ്പനികള്‍ക്ക് വേണ്ടിയാണ് ഗോമാതാവിന്റെ പേര് പറയുന്നത്. പ്രധാനമന്ത്രി വല്ലപ്പോഴും ഇന്ത്യയില്‍ എത്തുമ്പോള്‍ ബി.ജെ.പി അംഗമായ ഒ.രാജഗോപാല്‍ കേരളത്തിന്റെ വികാരം പറഞ്ഞു കൊടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മോദി യൂറോപ്പില്‍ ചുറ്റിക്കറങ്ങി നല്ല സൊയമ്പന്‍ ബീഫൊക്കെ കഴിച്ച് ഇന്ത്യയില്‍ വന്ന് ഗോ സംരക്ഷണം പറയുകയാണ്. അതേറ്റുപിടിക്കാന്‍ കുറച്ച് ശിങ്കിടികളുമുണ്ട്.

ബി.ജെ.പി എന്ന ട്രോജന്‍ കുതിരയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് സംഘപരിവാറിന്റെ കുറുവടി സംഘമാണ്. ഇതിന്റെ തെളിവാണ് ദല്‍ഹിയില്‍ യെച്ചൂരിക്ക് നേരെയുണ്ടായ അക്രമമെന്നും വി.എസ് പറഞ്ഞു.

കശാപ്പ് നിരോധനം സംസ്ഥാനങ്ങളുടെ അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനം കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമേയത്തിന് മേല്‍ സഭയില്‍ 2 മണിക്കൂര്‍ ചര്‍ച്ച നടത്തും. വിജ്ഞാപനം മറികടക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ഓര്‍ഡിനന്‍സ് വേണമോയെന്ന കാര്യം സമ്മേളനത്തിന് ശേഷം തീരുമാനിക്കും.

We use cookies to give you the best possible experience. Learn more