കോഴിക്കോട്: സുപ്രധാന കാര്യം പറയാനുണ്ട് എന്ന മുന്നറിയിപ്പോടെ ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച കാര്യം പരാമര്‍ശിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ നേതാവ് വി.എസ് വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന ഒരു പ്രധാനമന്ത്രിയുടെ കച്ചിത്തുരുമ്പാണ് ഉപഗ്രഹവേധനമെന്നും വി.എസ് പറഞ്ഞു.
താന്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇന്ത്യ മിസൈല്‍ കണ്ടുപിടിച്ചത്, ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് എന്നൊക്കെ പറഞ്ഞ് അന്‍പത്താറിഞ്ച് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ നരേന്ദ്രമോദിക്ക് നാണമുണ്ടോ എന്നതല്ല, നമ്മുടെ പ്രശ്‌നം. ഓരോ വര്‍ഷവും നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മിസൈലുകളുടെ പരീക്ഷണവുമെല്ലാം നടക്കുന്നുണ്ട്. അത് ഇന്നോ, ഇന്നലെയോ തുടങ്ങിയതുമല്ല. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കാന്‍ കെല്‍പ്പുള്ള ഇന്ത്യക്ക് പേടകത്തിനു പകരം ഒരു ബോംബയക്കാന്‍ പ്രത്യേകിച്ച് നെഞ്ചളവിന്റെയൊന്നും ആവശ്യമില്ലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വി.എസ് പറഞ്ഞു.
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പ്ലാസ്റ്റിക് സര്‍ജറി ആദ്യം നടത്തിയത് ഗണപതിയുടെ കാര്യത്തിലാണ് എന്നിങ്ങനെയുള്ള വലിയ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു അവകാശവാദംകൂടിയെന്നും വി.എസ് പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപിത പ്രഖ്യാപനത്തിനു വേണ്ടി ഇന്ത്യ മുഴുവന്‍ കാത്തിരുന്നു. പ്രഖ്യാപനം വന്നപ്പോഴോ? ഇന്നും ഞങ്ങളൊരു റോക്കറ്റയച്ചിരുന്നു. അത് ഏതോ ഉപഗ്രഹത്തില്‍ ബോംബിട്ടു എന്ന മട്ടിലേ ജനങ്ങള്‍ അതിനെ കണ്ടിട്ടുള്ളു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത്, ഈ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കി. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആര്‍.ഡി.ഒ. മേധാവി ആയിരുന്നെന്നും 2012ല്‍ ഇതേ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് രാജ്യത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് ഇക്കാര്യം ജനങ്ങളെ അറിയിച്ചത് ഡി.ആര്‍.ഡി.ഒ. മേധാവി ആയിരുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. “മിഷന്‍ ശക്തി” എന്നാണ് ഈ പദ്ധതിയുടെ പേര്.
പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടുവെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചതെന്നും ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പ്രഖ്യാപനം നടത്തിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പ്
ഉപഗ്രഹ വേധ മിസൈല്‍ പ്രയോഗിച്ച് താന്‍ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പ്ലാസ്റ്റിക് സര്‍ജറി ആദ്യം നടത്തിയത് ഗണപതിയുടെ കാര്യത്തിലാണ് എന്നിങ്ങനെയുള്ള വലിയ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു അവകാശവാദംകൂടി.
താന്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇന്ത്യ മിസൈല്‍ കണ്ടുപിടിച്ചത്, ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് എന്നൊക്കെ പറഞ്ഞ് അന്‍പത്താറിഞ്ച് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ നരേന്ദ്രമോദിക്ക് നാണമുണ്ടോ എന്നതല്ല, നമ്മുടെ പ്രശ്‌നം. ഓരോ വര്‍ഷവും നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മിസൈലുകളുടെ പരീക്ഷണവുമെല്ലാം നടക്കുന്നുണ്ട്. അത് ഇന്നോ, ഇന്നലെയോ തുടങ്ങിയതുമല്ല. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കാന്‍ കെല്‍പ്പുള്ള ഇന്ത്യക്ക് പേടകത്തിനു പകരം ഒരു ബോംബയക്കാന്‍ പ്രത്യേകിച്ച് നെഞ്ചളവിന്റെയൊന്നും ആവശ്യമില്ല.
പക്ഷെ, തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന ഒരു പ്രധാനമന്ത്രിയുടെ കച്ചിത്തുരുമ്പാണ് ഉപഗ്രഹവേധനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപിത പ്രഖ്യാപനത്തിനു വേണ്ടി ഇന്ത്യ മുഴുവന്‍ കാത്തിരുന്നു. പ്രഖ്യാപനം വന്നപ്പോഴോ? ഇന്നും ഞങ്ങളൊരു റോക്കറ്റയച്ചിരുന്നു. അത് ഏതോ ഉപഗ്രഹത്തില്‍ ബോംബിട്ടു എന്ന മട്ടിലേ ജനങ്ങള്‍ അതിനെ കണ്ടിട്ടുള്ളു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത്, ഈ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയി.