തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്ന് വി.എസ് പറഞ്ഞു. തിരുത്താന്‍ കഴിയാത്ത പൊലീസുകാരെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചു വിടണമെന്നും വി.എസ് പറഞ്ഞു.
പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണമെന്ന് വി.എസ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഓര്‍മ്മിപ്പിച്ച വി.എസ്, ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.
നെടുങ്കണ്ടത്ത് ചിട്ടി തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് വിഎസിന്റെ പ്രതികരണം. കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ സാബു, പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. എഎസ്ഐയും മറ്റൊരു പൊലീസുകാരനും കേസില്‍ പ്രതികളാണ്.