കൂടംകുളം: പാര്‍ട്ടി നിലപാടിനെതിരെ വി.എസ്
Kerala
കൂടംകുളം: പാര്‍ട്ടി നിലപാടിനെതിരെ വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th September 2012, 8:42 am

തിരുവനന്തപുരം: കൂടംകുളം ആണവനിലയം സംബന്ധിച്ച സി.പി.ഐ.എം നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കൂടംകുളം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയ ഇടമല്ലെന്നാണ് വി.എസ് പറയുന്നത്. കൂടംകുളം നിലയം സുരക്ഷിതമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വി.എസ് പറഞ്ഞു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വി.എസ് തന്റെ നിലപാട് വെളിപ്പെടുത്തിയത്. []

“ആണവനിലയങ്ങളുടെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്നതാണോ? കൂടംകുളം, ആണവനിലയത്തിന് അനുയോജ്യമാണോ? അവിടെ നിര്‍മിച്ചിരിക്കുന്ന നിലയം സുരക്ഷിതമാണോ? ഇവയെല്ലാം പരിശോധിക്കേണ്ടത് അടിയന്തര ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.” ലേഖനത്തില്‍ വി.എസ് പറയുന്നു.

ലോകം മുഴുവന്‍ ആണവോര്‍ജത്തിലേക്ക് മാറുമ്പോള്‍ ഇന്ത്യക്ക് മാത്രം മാറിനില്‍ക്കാനാവില്ല എന്നവാദം വസ്തുതാവിരുദ്ധമാണ്. ലോകത്തിലെ 205 രാജ്യങ്ങളില്‍ 31 രാജ്യങ്ങള്‍ മാത്രമാണ് വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആണവനിലയങ്ങളെ ആശ്രയിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ചിലവുകുറഞ്ഞ വൈദ്യുതി ഉത്പാദനമാര്‍ഗമാണ് ആണവനിലയങ്ങള്‍ എന്ന വാദവും ശരിയല്ല. അപകടസാധ്യത വളരെ കൂടിയതും നിര്‍മാണച്ചിലവ് കൂടിയതുമായ ആണവനിലയങ്ങള്‍ക്ക് വായ്പ നല്‍കാനാവില്ലെന്ന് 2007ല്‍ അമേരിക്കയിലെ പ്രമുഖരായ ആറ് ബാങ്കുകള്‍ അമേരിക്കന്‍ ഊര്‍ജവകുപ്പിനെ അറിയിക്കുകയുണ്ടായി. ഇത് വളരെ ലാഭകരമായ ഊര്‍ജസ്രോതസ്സാണ് എന്നത് വന്‍കിട ആണവക്കമ്പനികളെ സഹായിക്കാനുള്ള വ്യാജ പ്രചരണം മാത്രമാണെന്നും വി.എസ് ആരോപിക്കുന്നു.

ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ് ക്യാന്‍സര്‍ തുടങ്ങി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെ തമസ്‌കരിക്കാനുള്ള തീവ്രശ്രമം ആണവനിലയത്തിന്റെ വക്താക്കളുടെ ഭാഗത്തുനിന്നുണ്ടെന്നും വി.എസ് കുറ്റപ്പെടുത്തുന്നു.

വി.വി.ഇ.ആര്‍-1000 മോഡലിന് സാങ്കേതിക തകരാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടംകുളത്ത് നിര്‍മിച്ച നിലയത്തിന്റെ പ്രശ്‌നം അതിലും അപ്പുറമാണ്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ലയെന്നതാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ ആറ് വെല്‍ഡിങ്ങുകളുള്ള റിയാക്ടറാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നതെന്നും വി.എസ് പറയുന്നു.

കൂടംകുളം സന്ദര്‍ശിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സി.പി.ഐ.എം തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രകമ്മിറ്റി ഇടപെട്ട് വി.എസിനെ തടയുകയായിരുന്നു.

കൂടംകുളം ആണവനിലയത്തിന് അനുകൂലമായ നിലപാടാണ് സി.പി.ഐ.എം ഇതുവരെ സ്വീകരിച്ചത്. സി.പി.ഐ.എം ആധുനിക സാങ്കേതികവിദ്യകള്‍ക്കെതിരല്ലെന്നായിരുന്നു കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സ്വീകരിച്ച നിലപാട്. കൂടംകുളം ആണവ നിലയം പ്രവര്‍ത്തന സജ്ജമാകണം. എന്നാല്‍ അത് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാവണമെന്നും പാര്‍ട്ടി സമ്മേളനം നിലപാടെടുത്തിരുന്നു. ഈ നിലപാടിനെതിരെയാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ വി.എസ് രംഗത്തുവന്നിരിക്കുന്നത്.

നേരത്തെ ജയ്താപൂര്‍ ആണവനിലയത്തെ എതിര്‍ക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിരുന്നത്. ഇത് സംബന്ധിച്ച പഠനം നടത്താന്‍ രണ്ടംഗ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ കമ്മീഷനും ജയ്താപൂരില്‍ ആണവ നിലയം വേണ്ടെന്ന നിലപാടാണെടുത്തത്.

വന്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന തമിഴ്‌നാടിന് കൂടംകുളം ആണവ നിലയം ആവശ്യമാണെന്ന ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടി തമിഴ്‌നാട് ഘടകം. അതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാവ് വി.എസിന്റെ പ്രസ്താവന തമിഴ്‌നാട് ഘടകം പി.ബി.യെയും കേന്ദ്രകമ്മിറ്റിയെയും അറിയിക്കാന്‍ സാധ്യതയുണ്ട്. സി.പി.ഐ.എം കേന്ദ്രനേതൃത്വം സ്വാഭാവികമായും ചെയ്യേണ്ടി വരും.

വി.എസ്. കൂടം കുളത്തേയ്ക്കില്ല; സാമുവല്‍ രാജ്