തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ മരണത്തില്‍ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത്. പൊലീസിന്റെ വീഴ്ചയാണ് കെവിന്റെ മരണത്തിനിടയാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസിന്റെ വീഴ്ചകള്‍ ആഭ്യന്തര വകുപ്പ് വേണ്ടതുപോലെ ശ്രദ്ധിക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ധനകാര്യമന്ത്രി തോമസ് ഐസകും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താതിരിക്കുന്നതിന് ആ എസ്.ഐ പറഞ്ഞ ഏറ്റവും ദുര്‍ബലമായ ഒരൊഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടിയെന്നും പ്രതികളെ സഹായിക്കാന്‍ എസ്.ഐ കണ്ടെത്തിയ ഒഴിവുകഴിവു മാത്രമായിരുന്നു അതെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.
അതേസമയം കെവിന്റെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വന്നതിന്റെ സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനെയും പട്രോളിങിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും ഐ.ജി വിജയ് സാഖറെ സസ്പെന്‍ഡ് ചെയ്തു.
കേസിലെ മുഖ്യപ്രതി സാനു ചാക്കോയുമായി ബിജു ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയും ഐ.ജിയുടെ റിപ്പോര്‍ട്ടും പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കൊച്ചി റേഞ്ച് ഐ.ജി ഡി.ജി.പിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
WATCH THIS VIDEO: