സംവരണം എന്നത് സാമ്പത്തിക പദ്ധതിയല്ല; സാമ്പത്തിക സംവരണത്തിനെതിരെ വി.എസ്
Economical Reservation
സംവരണം എന്നത് സാമ്പത്തിക പദ്ധതിയല്ല; സാമ്പത്തിക സംവരണത്തിനെതിരെ വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 11:23 am

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് വി.എസ് പറഞ്ഞു.

“ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ, സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്‍ന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്.”

ALSO READ:അലോക് വര്‍മ്മയെ മാറ്റാനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

എന്നാല്‍, ഇതൊന്നും ചെയ്യാതെ, സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍, സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.

സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. അതുകൊണ്ടാണ്, ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരുതരത്തിലും യോജിച്ചുപോവാത്ത സാമ്പത്തിക സംവരണത്തെ സി.പി.ഐ.എം പിന്തുണക്കാതിരുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോള്‍ സി.പി.ഐ.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്.

ജാതി പിന്നോക്കാവസ്ഥപോലെ, സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നുകാട്ടണമെന്നും വി.എസ് പറഞ്ഞു.

WATCH THIS VIDEO: