തിരുവനന്തപുരം: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്ന കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധി ഇടതുപക്ഷ നിലപാടാണെന്ന് വി.എസ് പറഞ്ഞു.
കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്ന് നിലപാടുള്ളവര്‍ ഇടതുമുന്നണിയ്ക്ക് ബാധ്യതയാണെന്നും വി.എസ് ആറ്റിങ്ങലില്‍ പറഞ്ഞു.
“ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നത് ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷം. ”
കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപ്രകാരം സുപ്രീംകോടതി ശരിയായി വിലയിരുത്തിയ സ്ത്രീസമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട്. പുരുഷന്‍ ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍, കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോവില്ല എന്ന നിലപാടുള്ളവരും, സ്ത്രീകള്‍ തങ്ങളുടെ ഭരണഘടനാ അവകാശം വിനിയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാദ്ധ്യതയാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.- വി.എസ് പറഞ്ഞു.
നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ബിയെ എല്‍.ഡി.എഫില്‍ എടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
WATCH THIS VIDEO: