ഉലകംചുറ്റും വാലിബനായ താങ്കള്‍ സാധാരണക്കാരന്റെ വയറ്റത്തടിച്ച് കുഴലൂതുമ്പോള്‍ സാധാരണക്കാരന് അവന് അധ്വാനിച്ച പണത്തിനായി ക്യൂ നില്‍ക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്.
സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി. 95 വയസ് കഴിഞ്ഞ അമ്മയെ പോലും ക്യുവില്‍ കൊണ്ടുപോയി നിര്‍ത്തിയ മോദിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ ശാപത്തില്‍ നിന്നുപോലും രക്ഷപ്പെടാനാവില്ലെന്നും വി.എസ് പറഞ്ഞു.
ഉലകംചുറ്റും വാലിബനായ താങ്കള്‍ സാധാരണക്കാരന്റെ വയറ്റത്തടിച്ച് കുഴലൂതുമ്പോള്‍ സാധാരണക്കാരന് അവന് അധ്വാനിച്ച പണത്തിനായി ക്യൂ നില്‍ക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
അതേസമയം 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. പ്രതിപക്ഷ കക്ഷികളുമായുള്ള ആശയ വിനിമയം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടികള്‍. ശീതകാല സമ്മേളനത്തില്‍ വളരെ ഗുണകരമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
അതിനിടെ, നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കറുത്ത ഷാളണിഞ്ഞ് പ്ലേകാര്‍ഡുകളുമായി എത്തിയാണ് തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം.