| Friday, 21st July 2017, 3:27 pm

ടൈറ്റാനിയം പ്ലാന്റ് നിര്‍മ്മാണത്തില്‍ യു.ഡി.എഫ് നടത്തിയ അഴിമതിയും, കെടുകാര്യസ്ഥതയുമാണ് ഒരു മനുഷ്യജീവന്‍ നഷ്ടപ്പെടാനിടയായ ദുരന്തത്തിന് കാരണം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി ഇടിഞ്ഞു വീണ് ഒരു ജീവനക്കാരന്‍ മരിക്കാനിടയായ ദുരന്തത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ടൈറ്റാനിയം പ്ലാന്റ് നിര്‍മ്മാണത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ കൊടിയ അഴിമതിയും, കെടുകാര്യസ്ഥതയുമാണ് ഒരു മനുഷ്യജീവന്‍ നഷ്ടപ്പെടാനിടയായ ദുരന്തത്തിലേക്ക് നയിച്ചതെന്ന് വി.എസ് പറഞ്ഞു.

2001-06 ലെ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പാക്കിയ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ലൈന്‍ കണ്ടെയ്‌നര്‍ ടാങ്കാണ് തകര്‍ന്നു വീണ് ദുരന്തമുണ്ടാക്കിയത്.


Dont Miss മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം


ഇതിന്റെ നിര്‍മ്മാണത്തില്‍ 80 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി യും, വിജിലന്‍സും കണ്ടെത്തിയതുമാണ്. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.

ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കി, അഴിമതിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ യഥാസമയം നടപടിയെടുക്കുകയും, വീഴ്ചകള്‍ പരിഹരിക്കുകയും ചെയ്തിരുന്നുവെങ്കില്‍, ഇത്തരം ദാരുണ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഈ പശ്ചാത്തലത്തില്‍ ടൈറ്റാനിയം അഴിമതിക്കേസ്സില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണം.

ദുരന്തത്തില്‍ മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കാനും അടിയന്തിര നടപടി ഉണ്ടാകണം. ദുരന്തത്തിന് കാരണക്കാരായവരുടെ പക്കല്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുന്ന കാര്യം ആലോചിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more