തിരുവനന്തപുരം: കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഭീകരമായ കോഴക്കേസില്‍ കുടുങ്ങിയതോടെ, ബി.ജെ.പി നേതാക്കളുടെ അഴിമതിവിരുദ്ധ പ്രതിഛായ സോപ്പുകുമിള പോലെ പൊട്ടിപ്പോയിരിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
ബി.ജെ.പി നേതാവ് 5.60 കോടി രൂപ കോഴ വാങ്ങിയതു സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
Dont Miss ബി.ജെ.പിയില്‍ കുംഭകോണങ്ങളുടെ കുംഭമേള; കള്ളന്‍ കപ്പലില്‍ തന്നെയെന്നും വെള്ളാപ്പള്ളി
അവരുടെ പാര്‍ട്ടിതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ നിന്ന് ഇക്കാര്യം വ്യക്തമായിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. അഴിമതിയുടെ ഈ കൊള്ളകള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുമെന്നു തോന്നുന്നില്ലെന്നും വി.എസ് പറഞ്ഞു.
കൃത്യമായ അന്വേഷണം നടത്തിയാല്‍, കോഴയുടേയും അഴിമതിയുടേയും നീരാളിക്കൈകള്‍ ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിലേക്കും ചെന്നെത്തിയെന്നു വരും.
ഈ സാഹചര്യത്തില്‍ കോഴയുടേയും അഴിമതിയുടേയും എല്ലാവിവരങ്ങളും പുറത്തു വരാന്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയമായ അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വി.എസ് പറയുന്നു.
ബി.ജെ.പി യുടെ ദേശീയ നേതൃത്വവും,ബി.ജെ.പി ഭരണവും സ്വാധീനിക്കാതിരിക്കാന്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ടത് അനിവാര്യമാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.