കണ്ണന്താനത്തെ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ല; ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമായി മാറരുതായിരുന്നെന്നും വി.എസ്
Kerala
കണ്ണന്താനത്തെ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ല; ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമായി മാറരുതായിരുന്നെന്നും വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2017, 12:16 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് വി.എസ് പറഞ്ഞു.


Dont Miss ‘മോദി അങ്ങനെ എളുപ്പത്തിലൊന്നും രാജിവെക്കില്ല’; നോട്ട് നിരോധനം പരാജയമായിരുന്നെന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റമെങ്കിലും കാണിക്കണമെന്ന് ചിദംബരം


ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറാനാവരുതാത്തതാണെന്നും വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നതെന്നും വി.എസ് പറഞ്ഞു.

അത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ല. മാത്രവുമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന തിരിച്ചറിവുകൂടിയാണ് ഇത് ഇടതുപക്ഷത്തിന് നല്‍കുന്നത്.

ഒരുതരത്തിലും സന്ധിചെയ്യാന്‍ വകുപ്പില്ലാത്ത ഒരു ഘട്ടത്തില്‍, തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തതെന്നും വി. എസ് പറഞ്ഞു.