| Tuesday, 20th October 2020, 8:27 am

വി.എസിന് 97-ാം പിറന്നാള്‍; ആഘോഷങ്ങളും അതിഥികളും ഒഴിവാക്കി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 97 -ാം പിറന്നാള്‍. കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പിറന്നാളാഘോഷം.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച ഒരേയൊരു നേതാവാണ് വി.എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.

ഔദ്യോഗിക വസതിയില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് പിറന്നാള്‍ ആഘോഷം. കൊവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യമായ ആരോഗ്യപ്രശ്‌നങ്ങളും കാരണം മുഴുവന്‍ സമയവും ഔദ്യോഗിക വസതിയില്‍ തന്നെ കഴിയുകയാണ് വി.എസ് ഇപ്പോള്‍.

ഇവിടെ അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കാറില്ല. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവന്നിരുന്നു. ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് കുടുംബാംഗങ്ങള്‍ അതിഥികളെ ഒഴിവാക്കുന്നത്.

1923 ഒക്ടോബര്‍ 20 നാണ് വി.എസ് ജനിക്കുന്നത്. 1940 ല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പിന്നീട് 1958 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായ വി.എസ് കേന്ദ്ര നേതൃത്വത്തില്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവെന്ന ഖ്യാതിയും നേടി.

2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. നിലവില്‍ മലമ്പുഴയില്‍ നിന്നുള്ള എം.എല്‍.എ ആണ് അദ്ദേഹം.

2000 ല്‍ പ്രതിപക്ഷ നേതാവായത് മുതലാണ് വി.എസിന്റെ പിറന്നാളും കാര്യമായി ആഘോഷിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ 19 വര്‍ഷമായി പതിവുകള്‍ തെറ്റിക്കാതെ ആഘോഷിക്കുന്നുണ്ടെങ്കിലും ഇത്തവണ കേക്ക് മുറിക്കലില്‍ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: VS Achudanandhan birth day

We use cookies to give you the best possible experience. Learn more