| Saturday, 9th January 2021, 3:38 pm

വി.എസ് അച്യുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു; ബാര്‍ട്ടണ്‍ ഹില്ലിലേക്ക് താമസം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാര്‍ ഹൗസില്‍നിന്നും ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറ്റുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

ഭരണപരിഷ്‌കാര അധ്യക്ഷ സ്ഥാനത്ത് നിന്ന് വി.എസ് ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള ചില സൂചനകള്‍ അടുത്തിടെയായി പുറത്തുവന്നിരുന്നു. 2016 ജൂലൈ മുതലാണ് വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായത്. ഇതിനിടെ ആറ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി സര്‍ക്കാരിന് സമര്‍പ്പിക്കാനുണ്ട്. ഉടന്‍ തന്നെ ആ റിപ്പോര്‍ട്ടുഖല്‍ സമര്‍പ്പിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി തന്നെ ഔദ്യോഗിക വസതിയൊഴിയാന്‍ വി.എസ് തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ബാര്‍ട്ടണ്‍ ഹില്ലിലെ വസതിയിലാണ് വി.എസ് ഉള്ളത്.

തിരുവനനന്തപത്ത് ചികിത്സ തുടരുന്നതിനാല്‍ തന്നെ ആലപ്പുഴയിലേക്ക് നിലവില്‍ അദ്ദേഹം പോകില്ലെന്നാണ് അറിയുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി വി.എസ് പൊതുരംഗത്ത് സജീവമായിരുന്നില്ല. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അദ്ദേഹം ആലപ്പുഴയില്‍ എത്തിയിരുന്നില്ല.

വി.എസ് വീട്ടില്‍ വിശ്രമത്തിലാണെന്നും മറ്റുകാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.

Content Highlight: VS Achudanandan Vaccate Government Bungalow

We use cookies to give you the best possible experience. Learn more