| Wednesday, 26th January 2022, 7:44 pm

നീതി എപ്പോഴും കീഴ്‌ക്കോടതിയില്‍ നിന്നും കിട്ടികൊള്ളണമെന്നില്ലെന്നത് മുന്‍കാല നിയമപോരാട്ടങ്ങളില്‍ കണ്ടതാണ്, വിധി യുക്തി സഹമല്ല; ഫേസ്ബുക്ക് കുറിപ്പുമായി വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ 10,10,000 രൂപ പിഴ വിധിച്ച തിരുവനന്തപുരം സബ് കോടതി വിധി യുക്തി സഹമല്ലെന്ന് വി.എസ് അച്യുതാന്ദന്‍. കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌ക്കോടതിയില്‍ നിന്നും കിട്ടികൊള്ളണമെന്നില്ലെന്നത് മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണെന്നും അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി.എസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘പ്രതിപക്ഷ നേതാവായിരുന്ന ശ്രീ. വി.എസ്. പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ശ്രീ. ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല.

എന്നാല്‍ ശ്രീ. ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു,’ കുറിപ്പില്‍ പറയുന്നു.

കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌ക്കോടതിയില്‍ നിന്നും കിട്ടികൊള്ളണമെന്നില്ലെന്നത് മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണെന്നും സോളാര്‍ കേസില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നും കുറിപ്പില്‍ പറയുന്നു.

കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇതില്‍ കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങള്‍ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീല്‍ കോടതി നടത്തും എന്ന പ്രത്യാശയില്‍, അപ്പീല്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

സോളാര്‍ കേസ് സജീവമായിരുന്ന 2013ലായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. പ്രസ്താവന നടത്തിയത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചത്.

വി.എസ്സിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും വി.എസ്സിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

വി.എസ്. അച്യതാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്

സോളാര്‍ അഴിമതിയില്‍ ശ്രീ. ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപറ്റി ‘റിപ്പോര്‍ട്ടര്‍ ചാനല്‍’ അഭിമുഖത്തില്‍പറഞ്ഞ കാര്യങ്ങള്‍ ശ്രീ. ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ. വി.എസ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ശ്രീ.ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല.

എന്നാല്‍ ശ്രീ. ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ് കോടതി വിധിക്കു എതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.

കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌ക്കോടതിയില്‍ നിന്നും കിട്ടികൊള്ളണമില്ലെന്ന മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ്. സോളാര്‍ കേസില്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണ്. പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മന്‍ ചാണ്ടി തന്നെ ഹൈക്കോടതിയില്‍ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.

സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ വസ്തുതകള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതുശ്രദ്ധയില്‍ കൊണ്ട് വരുന്നത് പൊതു പ്രവര്‍ത്തകന്‍ എന്ന കര്‍ത്തവ്യബോധം മുന്‍നിര്‍ത്തി ഉള്ളത് ആണ് എന്ന് അപ്പീല്‍കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇതില്‍ കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങള്‍ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീല്‍ കോടതി നടത്തും എന്ന പ്രത്യാശയില്‍, അപ്പീല്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.


Content Highlight: vs achudanandan facebook post against the judgement of thiruvananthapuram sub court

We use cookies to give you the best possible experience. Learn more