| Tuesday, 29th January 2019, 1:07 pm

'കാലപ്പഴക്കം ചെന്ന കുഴിച്ചുമൂടേണ്ട കേസാണ് ഇത്'; ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ ഹരജിയുമായെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. കാലപ്പഴക്കം ചെന്ന കുഴിച്ചുമൂടേണ്ട കേസാണ് ഇതെന്നും ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്ന് വി.എസ് ഹരജിയില്‍ പറഞ്ഞിരുന്നു. എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കി.  അഡ്വ. വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതിന് സര്‍ക്കാര്‍ ആയിരുന്നു അപ്പീല്‍ നല്‍കേണ്ടിയിരുന്നതെന്നും വി.എസ് പറഞ്ഞു.

എന്നാല്‍ വി.എസിന്റെ ഹരജിക്കെതിരെ ഹൈക്കോടതി രംഗത്തെത്തുകയായിരുന്നു. അന്വേഷണം അവസാനിപ്പിച്ച, കാലപ്പഴക്കം ചെന്ന്കുഴിച്ചുമൂടേണ്ട ഇത്തരം കേസുകള്‍ക്കായി സമയം കളയാനാകില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ജനുവരി നാലിന് വീണ്ടും ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കീഴ്ക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടിയേയും വ്യവസായി റൗഫിനെയും കക്ഷി ചേര്‍ക്കണം എന്നായിരുന്നു വിഎസിന്റെ ആവശ്യം.


”നിങ്ങളെ കൊണ്ടാവുന്നത് ചെയ്ത് കാണിക്കൂ”; കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനേവാല


കോഴിക്കോട് ടൗണ്‍ പൊലീസ് 2011 ന് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്ത കേസിലെ നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 23 നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത്. അന്വേഷണം തുടരേണ്ടതില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെയാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹരജിയില്‍ വി.എസ് വാദിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹരജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കുഞ്ഞാലിക്കുട്ടിയും റൗഫും നല്‍കിയത്. കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെയെല്ലാം ലണ്ടനിലേക്ക് കടത്തി. ഇതെല്ലാം പരിഗണിച്ച് കോടതി വിധി റദ്ദാക്കണമെന്ന് ഹരജിയില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more