തിരുവനന്തപുരം: എ.കെ.ജിയെ അധിക്ഷേപിച്ച രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. എ.കെ.ജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിന് അമൂല്‍ ബേബിയെന്ന പേര് അന്വര്‍ഥമാണെന്ന് വി.എസ് പറഞ്ഞു.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് വി.എസ് ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. കേരളം എന്ന വാക്കുപോലും അന്യമായ, കലുഷമായ ഒരു കാലത്തില്‍നിന്നാണ് ഈ സഞ്ചാരവഴികളിലൂടെ നാം നടന്നുമുന്നേറിയത്. നാമെല്ലാം കണ്ടും വായിച്ചും കേട്ടും അറിഞ്ഞ ചരിത്രത്തിന്റെ കുതിപ്പുകളാണ് ഇതിന് ഊര്‍ജം പകര്‍ന്നതെന്നു പറഞ്ഞ വി.എസ് ചരിത്രസന്ദര്‍ഭങ്ങളില്‍ പലതിലും സാക്ഷിയും സഹായിയും ആകാന്‍ അവസരം ലഭിച്ചയാളാണ് ഈ കുറിപ്പെഴുതുന്നതെന്നും എ.കെ.ജി യെപ്പറ്റി കോണ്‍ഗ്രസ് യുവനേതാവ് ഫേസ്ബുക്കില്‍ കുറിച്ച തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചിന്തയിലേക്ക് എന്നെ നയിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ലേധനം ആരംഭിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും കുറിച്ച പറയുന്ന വി.എസ് പോരാട്ടങ്ങള്‍ക്കിടയില്‍ പലരം രക്തസാക്ഷികളായെന്നും ഈ ചരിത്രമുന്നേറ്റങ്ങളുടെ ഊര്‍ജപ്രവാഹത്തിലാണ് കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ വ്യാകരണശുദ്ധി സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്നും ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം ചരിത്രസന്ദര്‍ഭങ്ങളെ ദീപ്തമാക്കിയ ഏറ്റവും ഉജ്വലമായ പേരാണ് ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എ.കെ.ജി.യെന്നും അദ്ദേഹം പറയുന്നു.
എ കെ ഗോപാലന്‍ എന്ന പേരിനെ എ.കെ.ജി എന്നാക്കിയത് ഗസറ്റില്‍ വിജ്ഞാപനംചെയ്ത് അദ്ദേഹം നടത്തിയ പേരുമാറ്റമായിരുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് ജനങ്ങള്‍ ആദരവോടെ നല്‍കിയ വിളിപ്പേരായിരുന്നു അതെന്നും പറയുന്ന വി.എസ് മൂന്ന് അക്ഷരങ്ങള്‍കൊണ്ടുള്ള ആ വിളിപ്പേരിന് പിന്നില്‍ സ്‌നേഹത്തിന്റെയും ആദരവിന്റെയും കൃതജ്ഞതയുടെയും കരുതലിന്റെയും അങ്ങനെ മാനുഷികമായ എല്ലാ വിശുദ്ധ വികാരങ്ങളുടെയും സാകല്യാവസ്ഥയായിരുന്നെന്നും പറയുന്നു
എന്തുകൊണ്ടാണ് എ കെ ഗോപാലന്‍ ഇന്ത്യക്കാര്‍ക്ക് എ.കെ.ജിയായതെന്നതും വി.എസ് ലേഖനത്തിലൂടെ പറയുന്നു.”എ.കെ.ജി കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായി ജനങ്ങളുടെ ജീവിതം പുതുക്കിപ്പണിയാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചു. ജനങ്ങളുടെ വേദനകള്‍, അവരുടെ ആവലാതികള്‍, പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍, സ്വാതന്ത്ര്യമില്ലായ്മ, പട്ടിണി, ദാരിദ്ര്യം എന്നിങ്ങനെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തിളച്ചുമറിയലുകളിലും അദ്ദേഹം അവര്‍ക്കൊപ്പംനിന്നു. മുദ്രാവാക്യം വിളിക്കാനും കുത്തിയിരിക്കാനും എതിരാളികളെ ശാരീരികമായി നേരിടാനും അങ്ങനെ എന്തിനും തയ്യാറായി എ കെ ജി ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.” അദ്ദേഹം പറയുന്നു.
ഒരു നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ മുന്നോട്ടുനയിക്കുകെയന്നും വി.എസ് ചോദിക്കുന്നു. “പേരിന്റെ അക്ഷരങ്ങള്‍ക്കുപിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാകരുത് ഒരു പൊതുപ്രവര്‍ത്തകനെയും നേതാവിനെയും ഭരിക്കേണ്ടത്. നാടിന്റെയും ജനങ്ങളുടെയും നാഡീസ്പന്ദങ്ങള്‍ തൊട്ടറിയുകയാണ് അതിനാവശ്യം. അതില്ലാതെ വന്നാല്‍, പൊങ്ങുതടിപോലെ നീന്തിനടക്കാമെന്നുമാത്രം. പൊങ്ങുതടികളായി നീന്തിനടന്നവരല്ല ചരിത്രത്തെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ജീവിതത്തില്‍ ഇടപെടുകയും പോരാടുകയും ജീവിതംതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തിന് കിന്നരികള്‍ ചാര്‍ത്തിയിട്ടുള്ളത് എന്നോര്‍ക്കണം.” അദ്ദേഹം പറയുന്നു.
2011 സെ തെരഞ്ഞെടുപ്പ് കാലത്ത രാഹുല്‍ ഗാന്ധിയെ താന്‍ അമൂല്‍ ബേബിയെന്ന വിളിച്ചതിനെക്കുറിച്ച് പറയുന്ന വി.എസ് ആ പ്രയോഗം വി.ടിയ്ക്കും ചേരുമെന്നും പറഞ്ഞു. “2011 ലെ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ അസംബന്ധജടിലവും അര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ ഞാന്‍ “”അമൂല്‍ ബേബി” എന്നു വിളിച്ചിരുന്നു. ആ പ്രയോഗത്തിന്റെ സാരസര്‍വസ്വം അക്കാലത്ത് രാഷ്ട്രീയവ്യവഹാരങ്ങളില്‍ നിറഞ്ഞുനിന്നതാണ്. ഇപ്പോള്‍ എ കെ ജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ഈ പ്രയോഗം അന്വര്‍ഥമാണെന്ന് എനിക്കുതോന്നുന്നു.” അദ്ദേഹം പറയുന്നു.
ബല്‍റാമിനെ അമൂല്‍ ബേബിയെന്ന് വിശേഷിപ്പിച്ച വി.എസ് അതിനുള്ള കാരണവും ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. “എ.കെ.ജിയുടെ വേര്‍പാടിനുശേഷം ഭൂജാതനായ വ്യക്തിയാണ് ഈ യുവ കോണ്‍ഗ്രസ് നേതാവ്. കംപ്യൂട്ടറുകള്‍കൊണ്ടുള്ള കളികളില്‍ ഇദ്ദേഹം ബഹുമിടുക്കനാണെന്നും കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നുണ്ട്. കംപ്യൂട്ടറും സാമൂഹ്യമാധ്യമങ്ങളുമൊക്കെ വന്നിട്ട് ഏറെക്കാലമൊന്നുമായിട്ടില്ലല്ലോ. അതിനു മുമ്പേതന്നെ ഈ നാട് ഉണ്ട്. ഇവിടെ മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. അവയുടെയെല്ലാം അരികുകളിലൂടെയെങ്കിലും സഞ്ചരിക്കുന്നില്ലെങ്കില്‍ അങ്ങനെയുള്ളവരെക്കുറിച്ച് എന്തു പറയാനാണ്?” അദ്ദേഹം ചോദിക്കുന്നു.
എ.കെ.ജിയുടെ വിവാഹത്തെക്കുറിച്ച് പറയുന്ന വി.ടി ഗാന്ധിജിയുടെ ആത്മകഥ മനസിരുത്തി വായിക്കണമെന്നും വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എ കെ ജി യെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് താന്‍ ആശിക്കുന്നതെന്നും പറയുന്നു.
“മഹാത്മാഗാന്ധി കസ്തൂര്‍ബായെ വിവാഹം കഴിക്കുമ്പോള്‍ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂര്‍ബായ്ക്ക് പതിനൊന്നും വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. കസ്തൂര്‍ബായുമായി ബന്ധപ്പെട്ട”” വൈകാരികചിന്തകള്‍മൂലം പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജിതന്നെ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ യുവനേതാവ് ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. എന്നിട്ട്, വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എ കെ ജി യെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.” വി.എസ് പറയുന്നു.
വി.ടിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന പറയുമ്പോള്‍ പാര്‍ട്ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.