കോഴിക്കോട്: ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത് മുൻപ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഹിന്ദുത്വ ആശയങ്ങളും നയങ്ങളും നടപ്പിൽ വരുത്തുകയും ആർ.എസ്.എസ് വിധേയനായ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും വി.എസ്. കൂട്ടിച്ചേർത്തു. കോഴിക്കോട് മാത്തോട്ടത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഭരിക്കാൻ ഒരു യോഗ്യതയും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ഇത്തരത്തിലൊരു വിഷമകരമായ അവസ്ഥയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും വി.എസ്. പറഞ്ഞു. അതിനാൽ നിർണായക വിധിയെഴുത്തിന് തയാറാകണം. പശുവിന്റെ പേരിൽ 24 മുസ്ലീങ്ങളെ കൊലചെയ്തിട്ടും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ ജനങ്ങൾ അർഹിക്കുന്ന ശിക്ഷ നൽകണം. വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
രാജ്യത്ത് മതേതരമായി ചിന്തിക്കുന്ന പ്രസ്ഥാനം ഒന്നു മാത്രമേ ഉള്ളു എന്നും അത് ഇടതുപക്ഷം ആണെന്നും വി.എസ്. പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ തള്ളിപ്പറയുകയും മുഖവിലക്കെടുക്കാതെ അവമതിക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിയിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി. ഭരണം അവസാനിപ്പിക്കാനുള്ള അവസാനത്തെ അവസരമാണ് ഇതെന്നും വി.എസ്. ഓർമ്മപ്പെടുത്തി.
ഇന്നലെ മലപ്പുറത്ത്, ആലിബാബയും 41 കള്ളന്മാരും ഉൾപ്പെടുന്ന ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് കോടി രൂപയോളം ചാക്കിലാക്കി കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഉള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചോടുന്നു. രാജ്യം ഭരിക്കുന്നവർ അതിന് കാവൽ നിൽക്കുകയാണെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. പി. സാനുവിന്റെ തെരഞ്ഞെടുപ്പ് മണ്ഡലമായ മലപ്പുറത്തെ കിഴക്കേത്തലയില്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്നലെ വി.എസ്.
ഞങ്ങൾ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേർന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചുകൊണ്ട് സമ്പദ്ഘടന തകര്‍ത്തുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് ഇന്ത്യയെ നാമാവശേഷമാക്കുകയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ. വി.എസ്. ഇന്നലെ പറഞ്ഞു.