തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗൗതം അദാനി ഗ്രൂപ്പുമായ് ഒപ്പിട്ട വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നിയമസഭയിലുന്നയിച്ച ഉപക്ഷേപത്തിലൂടെയാണ് വി.എസ് കരാറിലെ വസ്തുതകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്.
2006-11 ലെ എല്‍.ഡി.എഫ് ഗവണ്‍മെന്റ് ലാന്റ് ലോര്‍ഡ് പോര്‍ട്ട് ആയി വിഭാവനം ചെയ്ത വിഴിഞ്ഞം പദ്ധതി കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് പി.പി.പി മാതൃകയിലാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടതോഴനായ ഗൗതം അദാനിയുമായി കരാറിലേര്‍പ്പെട്ടതെന്ന് ഉപക്ഷേപത്തില്‍ വി.എസ് ചൂണ്ടിക്കാട്ടി.
“ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത്തി അഞ്ച് രൂപ മുതല്‍ മുടക്കുള്ള പദ്ധതിയുടെ 68% അതായത് 5071 കോടി രൂപയും മുടക്കുന്നത് സംസ്ഥാനസര്‍ക്കാരാണ്. അദാനി മുടക്കുന്നതാകട്ടേ പദ്ധതിചെലവിന്റെ 32% മാനമായ 2454 കോടി മാത്രമാണ്. എന്നിട്ടും പണി പൂര്‍ത്തിയായതിനു ശേഷമുള്ള വരുമാനത്തിന്റേയും, ലാഭത്തിന്റേയും സിംഹഭാഗവും കുറച്ചുമുതല്‍ മുടക്കു മാത്രമുള്ള അദാനി കൈയടക്കുകയാണെന്ന്” വി.എസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറില്‍ ദുരൂഹതയും, അഴിമതിയും ഉണ്ടെന്ന് അന്നേ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നതുമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായ കരാര്‍ പൊളിച്ചെഴുതുമെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടുള്ളതുമാണെന്നും വി.എസ് പറഞ്ഞു.
പാറ ഉപയോഗിച്ചു വേണം പുലിമുട്ട് നിര്‍മ്മിക്കാന്‍ എന്ന വ്യവസ്ഥ ലംഘിച്ച് കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ചാണ് ഇവിടെ പുലിമുട്ട് നിര്‍മ്മാണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പുറത്തു വരുന്നതിന് സഹായകരമായ രീതിയില്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നായിരുന്നു വി.എസ്.ആവശ്യപ്പെട്ടത്. എന്നാല്‍ ധവളപത്രം പുറപ്പെടുവിക്കുന്നത് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മറുപടി നല്‍കിയത്.