| Thursday, 24th October 2019, 1:07 pm

ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല; തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍.

ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ലെങ്കിലും ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണെന്ന് വി.എസ് പ്രതികരിച്ചു.

ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്.

വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും വി.എസ് പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിതന്നെയായിരുന്നു. അതിന്റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതെഴുതുമ്പോള്‍, യു.ഡി.എഫ് നേതാക്കള്‍ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. അവിടെ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു.

എല്‍.ഡി.എഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെയാണ്. പക്ഷെ, വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍.ഡി.എഫ് എന്ന തിരിച്ചറിവും ആവശ്യമാണ്.- വി.എസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more