| Monday, 7th August 2023, 2:38 pm

വൃഷഭ ഹിസ്റ്റോറിക്കല്‍ ഫിക്ഷനോ? ഇനി ഹോളിവുഡ് ലെവല്‍; മിനിയേച്ചര്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ചിത്രം വൃഷഭയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തര്‍ലോ എത്തുന്നു. നിരവധി ഹോളിവുഡ് സിനിമകള്‍ നിര്‍മിച്ചിട്ടുള്ള നിക്ക് തര്‍ലോ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. അക്കാദമി അവാര്‍ഡ് നേടിയ മൂണ്‍ലൈറ്റ് (2016), ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസോറി (2017) എന്നീ സിനിമകള്‍ക്ക് പുരസ്‌കാരം നേടി.

നിക്ക് തര്‍ലോ എത്തുന്നതോടുകൂടി ഹോളിവുഡ് സിനിമയുടെ മാതൃകയില്‍ നിര്‍മിക്കപ്പെടുന്ന ചിത്രമായി വൃഷഭ വളരും.

ചിത്രത്തിന്റെ വമ്പന്‍ സ്‌കെയിലിലുള്ള നിര്‍മാണം കാണിക്കാനായി 57 സെക്കന്റുള്ള വീഡിയോ നിര്‍മാതാക്കള്‍ പങ്കുവെച്ചിരുന്നു. ഹോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സാധാരണയായി പിന്തുടരുന്ന ഈ ശൈലി ഇന്ത്യയില്‍ ആദ്യമായി സ്വീകരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

‘വൃഷഭ എന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ്. ഞാന്‍ വളരെ ആവേശത്തിലാണ്. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ക്രിയേറ്റിവ് സൈഡ് ഉള്‍പ്പെടെയുള്ള ഫിലിം മേക്കിങ്ങിന്റെ വ്യത്യസ്ത വശങ്ങള്‍ ഞാന്‍ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ ആദ്യ അനുഭവം കൂടിയായതുകൊണ്ട് തന്നെ ഞാന്‍ ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്, എനിക്ക് പഠിക്കാന്‍ എന്തെങ്കിലും തരുന്നു, വൃഷഭയ്ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ നിക്ക് തര്‍ലോ പറഞ്ഞു.

നിക്ക് തര്‍ലോ ഞങ്ങളോടൊപ്പം ഒന്നിക്കുമ്പോള്‍ ഞങ്ങളുടെ സിനിമ നിര്‍മിക്കപ്പെടുന്ന സ്‌കെയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതാണെന്ന് നിര്‍മാതാവ് വിശാല്‍ ഗുര്‍നാനി പറഞ്ഞു. ‘ഹോളിവുഡ് സിനിമകള്‍ക്ക് തുല്യമായി നിര്‍മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് വൃഷഭ. നിക്ക് ടീമിലേക്ക് എത്തിയത് ഞങ്ങളുടെ ഭാഗ്യമാണ്,’ വിശാല്‍ പറഞ്ഞു.

റോഷന്‍ മേക്ക, സഹ്റ എസ്. ഖാന്‍സ ഷനായ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. 2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. പി.ആര്‍.ഒ. – ശബരി

Content Highlight: vrishabha miniature video

We use cookies to give you the best possible experience. Learn more