സന്ദർശകരോട് 'മാന്യമായി വസ്ത്രം' ധരിക്കണമെന്ന് വൃന്ദാവൻ ക്ഷേത്രം; മിനി സ്കേർട്ടും കീറിയ ജീൻസും പാടില്ല
national news
സന്ദർശകരോട് 'മാന്യമായി വസ്ത്രം' ധരിക്കണമെന്ന് വൃന്ദാവൻ ക്ഷേത്രം; മിനി സ്കേർട്ടും കീറിയ ജീൻസും പാടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 8:22 am

ലഖ്‌നൗ: ഭക്തരോട് ‘മാന്യമായി വസ്ത്രധാരണം’ നടത്താൻ ആവശ്യപ്പെട്ട് വൃന്ദാവൻ ക്ഷേത്ര ഭാരവാഹികൾ. മിനി സ്കേർട്ട്, കീറിയ ജീൻസ് പോലുള്ള വസ്ത്രങ്ങൾ അനുചിതമാണെന്നും ‘അന്തസ്സിന്’ ഉതകുന്നതല്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

വൃന്ദാവനിലെ താക്കൂർ ബങ്കേബിഹാരി ക്ഷേത്ര ഭാരവാഹികളാണ് സന്ദർശകരോട് ‘മാന്യമായി വസ്ത്രം’ ധരിക്കാനും ക്ഷേത്ര പരിസരത്ത് ‘സംസ്ക്കാരത്തിന്’ ഉതകുന്നതല്ലാത്ത വസ്ത്രധാരണ രീതി ഒഴിവാക്കാനും ആവശ്യപ്പെട്ടത്. പുതുവർഷത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്താണ് പുതിയ നിർദേശം കൊണ്ടുവന്നത്.

‘മിനി സ്കേർട്ട്, കീറിയ ജീൻസ്, ഹാഫ് പാൻ്റ്സ്, നൈറ്റ് സ്യൂട്ടുകൾ തുടങ്ങിയ വസ്ത്രങ്ങൾ ക്ഷേത്രത്തിന് അനുയോജ്യമല്ല, ഇത് സ്ഥലത്തിൻ്റെ ‘പവിത്രതയും അന്തസ്സും’ ഇല്ലാതാക്കുന്നു,’ ക്ഷേത്രം അധികൃതർ പറഞ്ഞു.

മാധ്യമങ്ങളിലൂടെയും നഗരത്തിലുടനീളം, പ്രത്യേകിച്ച് റോഡുകളിൽ, ക്ഷേത്രത്തിലേക്കുള്ള വഴികളിൽ പതിച്ച ബാനറുകളിലൂടെയും പുതിയ നിർദേശം ക്ഷേത്ര ഭാരവാഹികൾ പങ്കുവെച്ചു.

ക്ഷേത്രത്തിൻ്റെ ‘സംസ്കാരവും അന്തസ്സും’ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശങ്ങൾ കൊണ്ടുവന്നതെന്ന് ക്ഷേത്ര മാനേജർ മുനീഷ് ശർമ പറഞ്ഞു.

ജീൻസും ടീ ഷർട്ടും പോലുള്ള കാഷ്വൽ ടൂറിസ്റ്റ് വസ്ത്രങ്ങൾ ധരിച്ച്, പ്രത്യേകിച്ച് പ്രദേശത്തിന് പുറത്ത് നിന്നുള്ള ഭക്തർ എത്തുന്ന സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ഇത് ക്ഷേത്രത്തിൻ്റെ പാരമ്പര്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്,’ ശർമ പറഞ്ഞു.

എല്ലാ വർഷവും ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ആയിരക്കണക്കിന് ആളുകളാണ് താക്കൂർ ബങ്കേബിഹാരി ക്ഷേത്രം സന്ദർശിക്കുന്നത്.

Content Highlight: Vrindavan temple asks visitors to ‘dress modestly’: No mini skirts, torn jeans