| Sunday, 11th November 2018, 6:51 pm

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണ്: സൗരവ് ഗാംഗുലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കഴിഞ്ഞ 5-10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് ഒരുവര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന സാഹ സുഖം പ്രാപിച്ച് ടീമില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു.

2014 ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷം സാഹയാണ് ഇന്ത്യയ്ക്കായി വിക്കറ്റിന് പിന്നില്‍ ഗ്ലൗസണിയുന്നത്. 32 ടെസ്റ്റുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയടക്കം 1164 റണ്‍സും സാഹ നേടിയിട്ടുണ്ട്.

അതേസമയം റിഷഭ് പന്ത് എന്ന പുത്തന്‍താരോദയം സാഹയ്ക്ക് ഭീഷണിയാണ്. ടെസ്റ്റില്‍ ഇതിനോടകം മികച്ച അരങ്ങേറ്റം നടത്തിക്കഴിഞ്ഞ പന്ത് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടിയിട്ടുണ്ട്. വെറ്ററന്‍താരം പാര്‍ത്ഥിവ് പട്ടേലും ടീമിലുണ്ട്.

ALSO READ: “ഞാന്‍ ടീമിനൊപ്പമുണ്ട്” അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അനസ് എടത്തൊടിക

അതേസമയം ഓസീസ് പര്യടനത്തിനുശേഷം 2019 ജൂലൈയില്‍ മാത്രമെ ഇന്ത്യ ടെസ്റ്റ് കളിക്കുകയുള്ളൂ. അതിനാല്‍ 34 കാരനായ സാഹയ്ക്ക് ഇനി ഒരുതിരിച്ചുവരവ് കഠിനമാകും.

പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകുന്നതാണ് സാഹയുടെ കരിയറിന് നല്ലതെന്ന് ഗാംഗുലിയും വ്യക്തമാക്കി. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഡൈവ് ചെയ്യുമ്പോഴെല്ലാം പരിക്ക് പറ്റാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more