| Thursday, 4th December 2014, 3:53 pm

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ സുപ്രീം കോടതി ജഡ്ജിയും നിയമജ്ഞനുമായി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു മൂന്നരയ്ക്കായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

1914 നവംബര്‍ 15ന് പാലക്കാടിനടുത്തുള്ള വൈദ്യനാഥ പുരത്താണ് വൈദ്യനാഥപുര രാമകൃഷ്ണ അയ്യര്‍ എന്ന വി.ആര്‍ കൃഷ്ണയ്യര്‍ ജനിച്ചത്. കൃഷ്ണയ്യരുടെ ബാല്യകാലം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാമചന്ദ്ര അയ്യര്‍ കൊയിലാണ്ടി, കോഴിക്കോട്, തലശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കോതമംഗംലം എല്‍.പി സ്‌കൂളിലാണ് കൃഷ്ണയ്യര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

1952ല്‍ അദ്ദേഹം മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായിരിക്കെ 1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരുന്നു. തലശേരിയില്‍ നിന്നാണ് കൃഷ്ണയ്യര്‍ തിരഞ്ഞെടുക്കപ്പെട്ടത്. നിയമ, വൈദ്യുതി, ജലസേചന, സാമൂഹ്യക്ഷേമ, ജയില്‍കാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പിന്തുണയില്ലാതെ മത്സരിച്ച 65ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ സജീവ രാഷ്ട്രീയമുപേക്ഷിച്ചു.

1968ല്‍ ഹൈക്കോടതി ജഡ്ജിയായി. ലോ കമ്മീഷന്‍ അംഗമായി ദല്‍ഹിയിലെത്തി. 1973ല്‍ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ഏക രാഷ്ട്രീയക്കാരനാണ് അദ്ദേഹം.1999ല്‍ അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

നിയമത്തിന്റെ ജനപക്ഷത്ത് നിന്നുള്ള വ്യാഖ്യാനങ്ങളായിരുന്നു വി.ആര്‍ കൃഷ്ണയ്യരുടെ വിധികള്‍. വിരമിച്ചശേഷം ഈ ഉത്തരവുകളില്‍ പലതും ഹൈക്കോടതികളിലും സുപ്രീം കോടതികളിലും ഉദ്ധരിക്കപ്പെടുന്നുവെന്നതാണ് വി.ആര്‍ കൃഷ്ണയ്യരുടെ മഹാനായ ന്യായാധിപനാക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിലെ വിധി ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ച് തുടര്‍നടപടിക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസിന്റെ വിധി നീതിന്യായ ചരിത്രത്തില്‍ പ്രധാന ഇടംനേടി. മുത്തമ്മ കേസിലെ കൃഷ്ണയ്യരുടെ വിധി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ സ്ത്രീവിരുദ്ധമായ ഒട്ടേറെ വ്യവസ്ഥകള്‍ ഒഴിവാക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കി.

സ്ത്രീകള്‍ വിവാഹിതരാകുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നും, ഔദ്യോഗിക രഹസ്യങ്ങള്‍ ചോരാനിടയുളളതിനാല്‍ സ്ത്രീകളെ അംബാസഡര്‍മാരായി നിയമിക്കാനാവില്ല എന്നതുമടക്കമുളള വ്യവസ്ഥകള്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ ബെഞ്ചാണ് റദ്ദാക്കിയത്. രാജ്യത്തിന്റെ തലവന്‍ രാഷ്ട്രപതിയാണോ, പ്രധാനമന്ത്രിയാണോയെന്ന തര്‍ക്കത്തില്‍ തലവന്‍ രാഷ്ട്രപതിയെങ്കിലും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുളള അധികാരം പ്രധാനമന്ത്രിക്കെന്ന് കൃഷ്ണയ്യര്‍ തീര്‍പ്പ് കല്‍പിച്ചു.

പൊതുപ്രവര്‍ത്തകയും സംഗീതജ്ഞയുമായ ശാരദയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. വൈകീട്ട് ആറുവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം എം.ജി റോഡിലെ ഭവനമായ സദ്ഗമയില്‍ എത്തിച്ചു. രാത്രി ഒന്‍പതു വരെ അവിടെ പൊതുദര്‍ശനമുണ്ടാകും.

മൃതദേഹം നാളെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മൃതദേഹം വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം വൈകിട്ട് ആറുമണിയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more