| Saturday, 1st February 2014, 11:21 am

ജഡ്ജിമാരുടെ പിന്മാറ്റം സത്യപ്രതിജ്ഞാ ലംഘനം; ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും വി.ആര്‍ കൃഷ്ണയ്യരുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ പിന്‍വാങ്ങുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കാണിച്ച് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു.

ലാവ്‌ലിന്‍ കേസില്‍ ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍മാറുന്ന സാഹചര്യത്തിലാണ് കൃഷ്ണയ്യരുടെ കത്ത്. ഗവര്‍ണര്‍ നിഖില്‍ കുമാറിനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മജ്ഞുള ചെല്ലൂരിനുമാണ് കത്തയച്ചത്.

എന്നാല്‍ കത്തില്‍ ലാവ്‌ലിന്‍ കേസ് എന്നത് പരാമര്‍ശിക്കുന്നില്ല. ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍ നിന്നും നാല് ജഡ്ജിമാരാണ് തുടര്‍ച്ചയായി പിന്മാറിയത്.

എന്നാല്‍ തന്റെ മുന്നില്‍ വരുന്ന ഏത് കേസും പരിഗണിക്കാന്‍ ജഡ്ജിമാര്‍ ബാധ്യസ്ഥരാണെന്ന് കൃഷ്ണയ്യര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസുകളുടെ മെറിറ്റ് നോക്കാതെ തന്നെ അത് പരിഗണിക്കണം.

രാഷ്ട്രീയത്തിലെ ഏത് മുതിര്‍ന്ന നേതാക്കള്‍ കേസില്‍ പെട്ടാലും മുന്നില്‍ വരുന്ന കേസുകള്‍ പരിഗണിക്കാന്‍ ബാധ്യതയുള്ളവരാണ് ജഡ്ജ്മാരെന്നും ഇക്കാര്യം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ പറയുന്നതാണെന്നും ഇദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ജഡ്ജിമാരുടെ ഇത്തരത്തിലുള്ള പിന്മാറ്റം പ്രസിഡന്റുമായി ആലോചിക്കണം. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷ്ണയ്യര്‍ കത്തില്‍ ആവശ്യപ്പെട്ടു

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഇതുവരെ നാല് ജഡ്ജിമാരാണ് പിന്‍വാങ്ങിയത്. കെ.ഹരിലാല്‍, തോമസ് പി.ജോസഫ് , ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് തുടങ്ങിയവരായിരുന്നു പിന്‍വാങ്ങിയത്.

We use cookies to give you the best possible experience. Learn more