ആലപ്പുഴ: പുതിയ ആലപ്പുഴ ജില്ലാ കളക്ടറായി വി.ആര്‍. കൃഷ്ണ തേജ ചുമതലയേറ്റു. വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാല്‍, ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു വി.ആര്‍. കൃഷ്ണ തേജ. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നയാള്‍ കൂടിയാണ് കൃഷ്ണ തേജ ഐ.എ.എസ്.
അതേസമയം സപ്ലൈകോ ജനറല്‍ മാനേജരായാണ് ശ്രീറാമിന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്.
എന്നാല്‍ ശ്രീറാമിനെ സപ്ലൈകോ ജനറല്‍ മാനേജരാക്കിയുള്ള നിയമനത്തിനെതിരെ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തന്നെ രംഗത്ത് വന്നിരിന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രി അതൃപ്തി അറിയിച്ചു. സപ്ലെയ്‌കോ ജനറല്‍ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലന്നും, വിവാദത്തില്‍പ്പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് പോലും അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ മുഖ്യമന്ത്രിയോട് ജി.ആര്‍. അനില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടായത്. നിയമനത്തില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളാണ് സംസ്ഥാനത്ത് നടന്നിരുന്നു.
2019 ആഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം. റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.
Content Highlight: VR Krishna Teja took charge as alappuzha district collector; Sriram Venkataraman did not come to hand over the charge