അബുദാബി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീര്‍ വയലില്‍. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ സിഎംഡി ഡോ.ഷംസീര്‍ വയലില്‍ പറഞ്ഞു.
ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുകയെന്നും ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടര്‍ന്നും ലഭ്യമാക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.
ഇതുവരെ 9 ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഒറ്റപ്പെട്ടു പോയ മിക്കയിടങ്ങളിലുള്ളവരേയും രക്ഷപ്പെടുത്തി ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചിട്ടുണ്ട്.
നെല്ലിയാമ്പതിയും ചെങ്ങന്നൂരും പാണ്ടനാടും മാത്രമാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുള്ളത്. പാലക്കാടും എറണാകുളവും വെള്ളക്കെട്ടില്‍ നിന്ന് മുക്തമാവുന്നു.
റോഡ്-റെയില്‍ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്ആര്‍ .ടി.സി സര്‍വീസുകള്‍ ആരംഭിച്ചു. ട്രെയിന്‍ ഗതാഗതവും സാധാരണ നിലയിലേക്കാവുന്നു.