അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളെക്കുറിച്ച് ലോകമെമ്പാടും ഉത്കണ്ഠപ്പെടുന്ന ഈ ഘട്ടത്തില്‍ അവിടുത്തെ സ്ത്രീകളുടെ നിലവിളികള്‍ക്ക് സവിശേഷ ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. ‘തകര്‍ന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനില്‍ നിന്നും സംരക്ഷിക്കുന്നതിന് നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയാണ് ഞാനിതെഴുതുന്നത്.’ ‘എന്റെ രാജ്യത്തെ കീഴടക്കാനുള്ള ശ്രമത്തില്‍ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്നു. അനേകം കുട്ടികളെ അവര്‍ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടികളെ അവര്‍ വധുക്കളാക്കി. അവര്‍ അവരെ വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെ കൊല്ലുന്നു. കവികളെയും നടന്മാരെയും അവര്‍ കൊന്നൊടുക്കുന്നു. ഞങ്ങളുടെ പുരുഷന്മാരെ പരസ്യമായി തൂക്കിലേറ്റി.’ അഫ്ഗാനിസ്ഥാനിലെ ചലച്ചിത്ര സംവിധായകയായ സഹ്‌റാ കരീമിയുടെയും, പ്രഷ്ത്ത അസ്ലം സദയുടെയും നൊമ്പരപ്പെടുത്തുന്ന ആര്‍ത്തനാഥങ്ങളായിരുന്നു ആ വരികളിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുന്നതിന് തൊട്ട് മുമ്പാണ് അവരിതെഴുതിയത്.
നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുന്ന രാക്ഷസീയരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള സഹായാഭ്യര്‍ത്ഥനയായിരുന്നു നമ്മള്‍ കേട്ടത്. പക്ഷെ ലോകരാജ്യങ്ങള്‍ നിശബ്ദമായിരുന്നു. 1968ല്‍ സ്ഥാപിതമായ സംസ്ഥാന ഉടമസ്ഥതയിലുള്ള ചലച്ചിത്ര കമ്പനിയായ അഫ്ഗാന്‍ ഫിലിമിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സഹ്‌റാ കരിമി രാജ്യം താലിബാന്‍ ഏറ്റെടുത്താല്‍ എല്ലാ കലകളും നിരോധിക്കുമെന്നും ഭയപ്പെട്ടിരുന്നു. കാരണം 90 കളുടെ പകുതിയില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം കയ്യാളിയപ്പോള്‍ അവിടുത്തെ സ്ത്രീകള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ചെറുതൊന്നുമല്ലെന്നവര്‍ക്കറിയാം.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന ZAN TV യുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ പ്രഷ്ത്ത അസ്ലം സദ താലിബാന്‍ രാജ്യം പിടിച്ചടക്കിയാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഒരഭിമുഖത്തില്‍ ആശങ്കപ്പെട്ടിരുന്നു. അവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ നിരോധിക്കപ്പെട്ടാല്‍ ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും നിരവധി കു ടുംബങ്ങള്‍ പട്ടിണിയാവുമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.
താലിബാന്റെ പതനത്തിനു ശേഷം ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ തുറന്ന് കിട്ടിയപ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം വീണ്ടും നിഷേധിക്കപ്പടുമെന്ന ബോധ്യത്തില്‍ നിന്നു കൊണ്ടാണവര്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ സഹായത്തിന് യാചിക്കുന്നത്. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും തൊഴിലിനെയും അത് സാരമായി ബാധിക്കും. സ്ത്രീകള്‍ വീടുകളിലടച്ചിടപ്പെടുകയും, കൊച്ചു കുട്ടികളെ വൃദ്ധന്മാര്‍ക്ക് പോലും വിവാഹം നടത്തിക്കൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും അവര്‍ ഭയപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ നിലവിലളിക്ക് ആരും തന്നെ വിലകല്‍പ്പിച്ചില്ല.
ഒടുവില്‍ അതും സംഭവിച്ചു. എല്ലാ വിധ വ്യാകുലതകള്‍ക്കുമിടയില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തുകൊണ്ട് മനുഷ്യത്വമെന്തെന്നറിയാത്ത താലിബാന്‍ സംഘം ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേരില്‍ അധികാരവും സ്ഥാപിച്ചു. താലിബാന്‍ എക്കാലത്തും സ്ത്രീകളേയും കുട്ടികളേയുമാണ് കടന്നാക്രമിച്ചിട്ടുള്ളത്. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യസ സ്ഥാാപനങ്ങള്‍ തകര്‍ക്കുകയും മലാല യൂസുഫ് സായിയെപ്പോലുള്ള പെണ്‍കുട്ടികളെ വധിക്കാനുള്ള ശ്രമവും നടത്തി. അതിന്റെ മാനസികാവസ്ഥയില്‍ നിന്നോ ശാരീരീകപ്രയാസങ്ങളില്‍ നിന്നോ മലാല യൂസഫ് സായി മോചിതയായിട്ടില്ല എന്ന് കഴിഞ്ഞ നാളുകളില്‍ ആ പെണ്‍കുട്ടി വെളിപ്പെടുത്തുകയുണ്ടായി. ഇനിയും ശസ്ത്രക്രിയ വേണമെന്നാണ് വെളിപ്പെടുത്തിയത്.
‘ഞായറാഴ്ച രാവിലെ ക്ലാസിനായി ഞാന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോയപ്പോഴാണ് ഡോര്‍മിറ്ററിയില്‍ നിന്ന് ഒരു കൂട്ടം സ്ത്രീകള്‍ പുറത്തേക്ക് ഓടി വരുന്നത് കണ്ടത്. ഞാന്‍ കാര്യമെന്താണെന്ന് ചോദിച്ചു അപ്പോഴാണ് താലിബാന്‍ കാബൂളില്‍ എത്തിയതെന്നറിഞ്ഞത്. ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ അവര്‍ ഉപദ്രവിക്കുന്നത് കൊണ്ട് പോലീസ് എല്ലാ ഇടവും ഒഴിപ്പിക്കുകയാണ്. ഞാനൊരു അടിമയായേക്കും എന്റെ ജീവിതം വെച്ച് അവര്‍ക്കിനി എന്തും ചെയ്യാം. പോ… പോയി ബുര്‍ഖയിടൂ… ഒറ്റദിവസം കൊണ്ട് നിങ്ങളില്‍ നാല്‌പേരെ ഞാന്‍ വിവാഹം ചെയ്യാന്‍ പോവുകയാണ്. ഒരാള്‍ പറഞ്ഞു’
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കാബൂള്‍ നഗരം കീഴടക്കിയതിനുശേഷം പേര് വെളിപ്പെടുത്താനാവാത്ത ഒരു പെണ്‍കുട്ടി എഴുതിയ തുറന്ന കത്തിലെ പ്രസക്ത ഭാഗങ്ങളാണിത്.
മത രാഷ്ട്രവാദത്തിന്റെ ഇരകളായിട്ടുള്ളത് എക്കാലത്തും സ്ത്രീകളാണ്. പര്‍ദയെ ഒരായുധമായി അവര്‍ ഉപയോഗിക്കുന്നു. ചൈന ഇപ്പോള്‍ തന്നെ നൈലോണ്‍ പര്‍ദ വിപണിയിലിറക്കി. താലിബാന്‍ നൈലോണ്‍ പര്‍ദ നിഷേധിച്ചു എന്ന വാര്‍ത്തയും കണ്ടു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിലെ പര്‍ദ എന്താണ്.? മൂടുപടമണിയാത്തതിന്റെ പേരില്‍ നിഷ്ഠുരമായി സ്ത്രീകളെ വധിക്കുന്ന താലിബാന്റെ സാഹചര്യത്തില്‍ പര്‍ദയെക്കുറി ച്ചുള്ള ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.
ഇസ്‌ലാമിന്റെ ആദ്യദശകങ്ങളിലൊന്നും തന്നെ പര്‍ദ്ദാ സമ്പ്രദായം ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. പര്‍ദ്ദയെക്കുറിച്ചുളള പൊതു ധാരണ പ്രവാചകന്റെ കാലത്ത് ആവിര്‍ഭവിച്ച ഹിജാബ് (മൂടുപടം) എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. സ്ത്രീകളുടെ ശരീരം പൂര്‍ണ്ണമായും മറക്കുന്ന പര്‍ദയായിരുന്നില്ല ഹിജാബ്. ഖുര്‍ആനി ഹിജാബിനെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും തന്നെ ഇന്ന് രൂപകല്‍പ്പന ചെയ്ത കറുത്ത മൂടുപടത്തെയല്ല സൂചിപ്പിക്കുന്നത്.
ഹിജാബ് മറ എന്ന അര്‍ത്ഥത്തിലാണ് ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളിലായി പരാമര്‍ശിക്കപ്പെടുന്നത്. അതില്‍ പ്രധാനമായി പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ടുളള ആയത്താ(സൂക്തം)ണ് ഒന്ന്. എ.ഡി.627-ഹിജ്‌റ അഞ്ചാം വര്‍ഷം പ്രവാചകന്‍ സൈനബിനെ വിവാഹം നടത്തുകയും ആ ദിവസം എത്തിയ വിരുന്നുകാരി ചിലര്‍ ആതിഥേയന്റെ സ്വകാര്യതയെക്കുറിച്ച് ഒട്ടും ഔചിത്യം പാലിക്കാതെ ഏറെ വൈകുവോളം പ്രവാചകന്റെ വസതിയില്‍ തങ്ങുകയും ചെ യ്തതിനെ തുടര്‍ന്നുണ്ടായ ഖുര്‍ആന്‍ സൂക്തമാണ് ഇതെന്ന് ഇസ്ലാമിലെ ആയത്തുകളെക്കുറിച്ചും, ഹദീസുകളെക്കുറിച്ചും സമഗ്രപഠനം നടത്തിയ മൊറോക്കോ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ഫാത്തിമ മെര്‍നിസ്സി അവരുടെ ഇസ്ലാമും സ്ത്രീകളും എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
വിവാഹ വേദികളില്‍ ക്ഷണിക്കപ്പെടാതെ വരാതിരിക്കാനും, വന്നാല്‍ ഭക്ഷണത്തിനു ശേഷം ഏറെ സമയം തങ്ങിനില്‍ക്കാതിരിക്കാനും വിശ്വാസികളോട് ഉദ്‌ബോധിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തമാണ്. സൂറ 33:35 സദാ സമയവും ജനങ്ങളോടൊപ്പം കഴിയുന്ന പ്രവാചകന്‍ തന്റെ സ്വകാര്യതയെ സംരക്ഷിക്കുന്ന കാര്യം ജനങ്ങളോട് മുഖത്ത് നോക്കിപ്പറയാനുളള വൈമനസ്യത്തോടെ ഇരുന്നപ്പോള്‍ ഉണ്ടായ അരുളപ്പാടാണ് പ്രസ്തുത ആയത്ത്.
എല്ലാ കാര്യത്തിലും ഒരു ഹിജാബ് മറ ‘സ്വകാര്യത’ അനിവാര്യമാണ് എന്നാണ് ഹിജാബ് കൊണ്ട് ഇവിടെ ഉദ്ദേശിച്ചത്. ഹിജാബ് സ്ത്രീയുടെ ശരീരം പൂര്‍ണ്ണമായി മറയ്ക്കാന്‍ ആയിരുന്നില്ലെന്നും പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമാക്കും വിധത്തില്‍ വ്യക്തികളുടെ സ്വകാര്യതയെ പൊതു മണ്ഡലത്തില്‍ നിന്നും വേര്‍തിരിക്കന്‍ വേണ്ടി ആവിര്‍ഭവിച്ചതാണ് എന്നുമാണ് ഫാത്തിമ മെര്‍നിസ്സി വ്യക്തമാക്കുന്നത്. ആ ഗ്രന്ഥത്തില്‍ തന്നെ വ്യത്യസ്ത സമയങ്ങളിലുണ്ടായ ഹിജാബിനെക്കുറിച്ചുളള ഖുര്‍ആന്‍ പരാമര്‍ശങ്ങളെ അവര്‍ വ്യക്തമാക്കുന്നുമുണ്ട്. ഏഴ് തവണ ഹിജാബിനെക്കുറിച്ച് പയുന്നതില്‍ പൊതുവെ ഹിജാബ് കൊണ്ട് അര്‍ത്ഥമാക്കുന്നത് ‘വേര്‍തിരിക്കല്‍’ എന്നാണ്.
രാജ്ഞിമാര്‍ മറ്റു ജനവിദാഗങ്ങളില്‍ നിന്ന് ചില സന്ദര്‍ങ്ങളില്‍ സ്വയം വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന മൂടുപടമോ കര്‍ട്ടനോ ആണ്. ഇത് പ്രവാചക പത്‌നിമാര്‍ക്ക് വേണ്ടി ഖലീഫ ഉമറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും, ഹിജാബിന് വ്യഖ്യാതാക്കള്‍ വെറും ചുമര്‍ എന്ന അര്‍ത്ഥമാണ് നല്‍കിയിരുന്നതെന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടവര്‍ വിവരിക്കുന്നുണ്ട്. മദീനയിലെ തെരുവില്‍ അടിമ സ്ത്രീകള്‍ പരസ്യമായി ആക്രമിക്കപ്പെട്ടിരുന്നു. അടിമ സ്ത്രീകളുടെ മേല്‍ ഉളളതായി അംഗീകരിക്കപ്പെട്ട അന്നത്തെ ലൈംഗികാധികാരത്തിന്റെ മറവില്‍ സാധാരണ സ്ത്രീകളും ആക്രമിക്കപ്പെട്ടതോടെ അവരെ തിരിച്ചറിയാനുളള ഒരു അടയാളമായി വ്യത്യസ്തമായ വേഷം തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ഇതൊന്നും തന്നെ സമീപകാലത്ത് രൂപകല്‍പ്പന ചെയ്യപ്പെട്ട കറുത്ത വസ്ത്രമായിരുന്നില്ല. പില്‍ക്കാലത്ത് വ്യാജ ഹദീസുകള്‍ നിരത്തി, മുടുപടമണയിച്ച് ഒതുക്കപ്പെടേണ്ടവരാണ് സ്ത്രീകളെന്ന് മതയാഥാസ്ഥിതികരും മറ്റും വിധിയെഴുതി. ലിംഗ നീതിക്കു വേണ്ടിയും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയും മുന്‍ഗണന നല്‍കിയിരുന്ന ഇസ്ലാമിക രാഷ്ട്രീയ നേതാവ് കൂടിയായ പ്രവാചകന്റെ മതത്തില്‍ സ്ത്രീകളെ പര്‍ദയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്നത് തിരിച്ചറിയാന്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് പോലും കഴിയാതെ പോകുന്നതെന്ത് കൊണ്ടാണ്?
പര്‍ദാ സമ്പ്രദായം ഏത് കാരണങ്ങളാലോ, ഏത് രൂപത്തിലോ ആയിരുന്നാലും അത് സ്ത്രീയെ പുരുഷന്റെ അധീനതയിലുളള ഒരു വസ്തുവായോ, സ്വത്തായോ തരം താഴ്ത്തുകയും വ്യക്തി എന്ന നിലയില്‍ തുല്യ പൗരത്വത്തിനുളള അവകാശം നിഷേധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. പര്‍ദ ഒരായുധമാക്കി മതരാഷ്ട്രവാദികള്‍ സ്ത്രീകളെ ക്രൂരതക്കിരയാക്കുമ്പോള്‍ ഇസ്ലാമിക രാഷ്ട്രീയ നേതാവ് കൂടിയായ പ്രവാചകന്റെ മതത്തിന് വേണ്ടിയാണോ സ്ത്രീകളെ വേട്ടയാടുന്നത്? തുര്‍ക്കിയില്‍ മുസ്തഫാ കമാല്‍ പാഷ അധികാരത്തിലിരുന്നപ്പോള്‍ പര്‍ദ നിരോ ധിക്കുകയുണ്ടായി. പുരോഗമനപരമായ പല ആശയങ്ങളും നടപ്പിലാക്കുകയും ചെയ്തു. അപ്പോഴും മതരാഷ്ട്രവാദികള്‍ അദ്ദേഹത്തെ ഭരണം തുടരാനനുവദിക്കാതെ ഭരണത്തില്‍ നിന്നും താഴെ ഇറക്കി. പാക്കിസ്ഥാനില്‍ സ്ത്രീകള്‍ രാഷ്ട്രീയാധികാരത്തിലിരിക്കെ ബേനസീര്‍ ഭൂട്ടോ മുതല്‍ നിരവധി സ്ത്രീകള്‍ മതരാഷ്ട്രവാദികളാല്‍ വധിക്കപ്പെട്ടതും ലോകം കണ്ടു.
1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയ ഒരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചക കാലത്ത് ഇവള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട് എന്ന പ്രഖ്യാപനത്തോടെ അത് നിര്‍ത്തലാക്കി എന്നും ചരിത്രം രേഖപ്പെടുത്തി. എന്നാല്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ പോരാടുന്ന മത രാഷ്ട്രവാദികള്‍ ഇസ്ലാമിന്റെ ഏത് തത്വശാസ്ത്രത്തിന്റെ പേരിലാണ് പോരാടുന്നത്? ഇസ്‌ലാമിന്റെ ആദ്യ ദശകങ്ങളില്‍ ഒട്ടേറെ യുദ്ധങ്ങളും കലാപങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ പര്‍ദയുടെ പേരില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയോ ചെയ്തതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല.
അഫ്ഗാനിസ്ഥാനെ സമകാലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പ്രശസ്ത പത്ര പ്രവര്‍ത്തകനും നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ താരീഖ് അലിയുടെ ഒരു ലേഖനത്തില്‍, അവിടത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒളിവില്‍ കഴിയുന്ന രാജ്യത്തെ മുന്‍നിര സ്ത്രീവാദികളിലൊരാളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ പറയുന്നു.
‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയില്‍ കാര്യമായ വ്യത്യാസങ്ങളോ സാമൂഹിക പുരോഗതിയോ ഒന്നും തന്നെ കാണാന്‍ സാധിച്ചിട്ടില്ല. പടിഞ്ഞാറന്‍ അധിനിവേശം, താലിബാന്‍, വടക്കന്‍ സഖ്യം എന്നിങ്ങനെ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ശത്രുക്കള്‍ മൂന്നാണെന്നാണ്. അമേരിക്കന്‍ മടക്കത്തോടെ അത് രണ്ടായി. അധിനിവേശ സൈന്യത്തെ സേവിക്കാന്‍ വികസിച്ച ലൈഗികത്തൊഴില്‍ വ്യവസായം സംബന്ധിച്ച കൃത്യമായ കണക്ക് മാധ്യമ പ്രവര്‍ത്തകരും മറ്റും പല തവണ ആവശ്യപ്പെട്ടിട്ടും ലഭ്യമായിട്ടില്ല. ബലാത്സംഗങ്ങളുടെ കൃത്യമായ കണക്കുമില്ല. ഭീകരവാദികളെന്ന് സംശയിക്കുന്നവരെ യു. എസ്. സൈന്യം കടുത്ത ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാക്കാറുണ്ടായിരുന്നു. സാധാരണ ജനങ്ങളെ ബലാത്സംഗം ചെയ്യുന്നതിനും കുട്ടികളെ പീഡനത്തിനിരയാക്കുന്നതിനും സഖ്യ സൈന്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ അനുമതിയും നല്‍കിയിരുന്നു.’
‘യൂഗോസ്ലാവ്യന്‍ അഭ്യന്തര യുദ്ധകാലത്ത് വേശ്യാവൃത്തി വന്‍തോതില്‍ വര്‍ധിക്കുകയും ആ മേഖല ലൈംഗിക മനുഷ്യക്കടത്തിന്റെ കേന്ദ്രമായിത്തീരുകയും ചെയ്ത ആദായകരമായ കച്ചവടത്തിലെ യു.എന്‍. ബന്ധവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.’
ഐക്യരാഷ്ട്രസഭ സ്ത്രീകള്‍ക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഇത്തരം ക്രൂരതകള്‍ നടക്കുന്നത്. അഫ്ഗാന്‍ ജനതയുടെ കണ്ണീരും നിലവിളിയും ഇനിയും ഉയരാതിരിക്കണമെങ്കില്‍ ലോക രാജ്യങ്ങളുടെ നയതന്ത്ര ഇടപെടല്‍ അനിവാര്യമാണ്. അവരുടെ നിലവിളി ഇനിയും ഉയരാതിരിക്കട്ടെ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: VP Zuhra writes on Afghan Women under Taliban Rule